ട്രംപിന്റെ ചിത്രവും ഒപ്പും പതിപ്പിച്ച പുതിയ യുഎസ് പാസ്‌പോർട്ട്; ‘വെൽക്കം, പക്ഷേ നല്ലപോലെ പെരുമാറണം’ സന്ദേശം വിവാദത്തിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ചിത്രവും ഒപ്പും ഉൾപ്പെടുത്തിയ പ്രത്യേക പതിപ്പിലുള്ള പുതിയ അമേരിക്കൻ പാസ്‌പോർട്ട് ഡിസൈൻ പുറത്തിറക്കി. “Welcome, but be good!” (സ്വാഗതം… പക്ഷേ നല്ലപോലെ പെരുമാറണം) എന്ന സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ പാസ്‌പോർട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.

തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് പുതിയ പാസ്‌പോർട്ടിന്റെ ചിത്രം പങ്കുവെച്ചത്. “അമേരിക്കയുടെ പുതിയ പാസ്‌പോർട്ട്… ‘വെൽക്കം, പക്ഷേ നല്ലപോലെ പെരുമാറണം’ – പ്രസിഡന്റ് ഡിജെടി” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ ഈ സന്ദേശം പാസ്‌പോർട്ടിന്റെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. പാസ്‌പോർട്ടിൽ ട്രംപിന്റെ ഗൗരവമേറിയ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ഒപ്പും നൽകിയിട്ടുണ്ട്.

പശ്ചാത്തലത്തിൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചരിത്രരംഗത്തിന്റെ ചിത്രവും ‘United States of America’, ‘250’ എന്നീ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിലിലാണ് പ്രത്യേക പതിപ്പിലുള്ള പാസ്‌പോർട്ട് പുറത്തിറക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാർക്കും ഈ സ്മാരക പതിപ്പ് ലഭ്യമാകുമെന്നും വാഷിങ്ടൺ പാസ്‌പോർട്ട് ഏജൻസിയിലും ഇത് വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിരുന്നു.

പുതിയ ഡിസൈൻ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഉയർന്നത്. ചിലർ ഇതിനെ “ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ദേശസ്നേഹമുള്ള അമേരിക്കൻ പാസ്‌പോർട്ട്” എന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ “ദേശസ്നേഹികൾക്കായുള്ള പ്രത്യേക പാസ്‌പോർട്ട്” എന്നായിരുന്നു അഭിപ്രായപ്പെട്ടത്.

അതേസമയം, ട്രംപിന്റെ ചിത്രം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ നിരവധി വിമർശകരും രംഗത്തെത്തി. “250 വർഷത്തെ അമേരിക്കൻ ചരിത്രമുണ്ടെങ്കിലും, ട്രംപിന് പാസ്‌പോർട്ടിൽ സ്വന്തം ചിത്രം കൂടി വേണമെന്നായിരുന്നു തോന്നിയത്,” എന്ന് ഒരാൾ പരിഹസിച്ചു.”സാധാരണ അമേരിക്കക്കാർക്ക് നൽകുന്ന സ്ഥിരം പാസ്‌പോർട്ടല്ല, പരിമിത പതിപ്പിലുള്ള സ്മാരക പാസ്‌പോർട്ടാണ് ഇത് എന്നത് ആശ്വാസകരമാണ്,” എന്നായിരുന്നു മറ്റൊരു പ്രതികരണം.”അമേരിക്കൻ പാസ്‌പോർട്ടും അമേരിക്കയിലേക്കുള്ള വിസയും രണ്ടാണെന്ന കാര്യം ട്രംപിന് അറിയില്ലെന്ന് തോന്നുന്നു,” എന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.

കൂടാതെ, “Welcome, but be good!” എന്ന ട്രംപിന്റെ സന്ദേശവും വിമർശനങ്ങൾക്ക് കാരണമായി. പാസ്‌പോർട്ടിനെയും അമേരിക്കൻ പൗരത്വ നടപടിക്രമത്തെയും ട്രംപ് കൂട്ടിക്കലർത്തിയതാകാമെന്നാണ് ചിലരുടെ പരിഹാസം.

President Donald Trump has introduced a redesigned American passport that prominently displays his face.

More Stories from this section

family-dental
witywide