ഫിലഡൽഫിയ : അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ ശാക്തീകരണത്തിന് സിറോ മലബാർ കത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി) നേതൃത്വം നൽകണമെന്ന് രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു. എസ്.എം.സി.സിയുടെ പുതിയ ദേശീയ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ആലപ്പാട്ട്.
എസ്.എം.സി.സിയുടെ പ്രവർത്തങ്ങൾ രൂപതാ തലത്തിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ ഉപയോഗം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യൻറെ തൊഴിൽ, ധാർമ്മികത, അന്തസ് എന്നിവയിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി വിശ്വാസികളെ പ്രബുദ്ധരാക്കണമെന്നും, അതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ചാക്രിയ ലേഖനമായ “മാഗ്നിഫിക്ക ഹ്യുമാനിറ്റീസ്” വിശ്വാസികൾക്കിടയിൽ പഠനവിഷയമാക്കണമെന്നും മാർ ആലപ്പാട്ട് ഉദ്ബോധിപ്പിച്ചു.

പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്.എം.സി.സി പ്രസിഡൻ്റ് ജോർജ് വി ജോർജ് അധ്യക്ഷത വഹിച്ചു.

ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ. ഫാ. ജോർജ് ദാനവേലിൽ, സ്ഥ്‌ഥാപക നേതാക്കളും മുൻ പ്രസിഡന്റുമ്മാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ, എസ്.എം.സി.സി. ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ജോയിന്റ് സെക്രെട്ടറി ജോജോ കോട്ടൂർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, ഷൈജു കളത്തിൽ, റ്റീനോ തോമസ് റീജണൽ കോർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. തദവസരത്തിൽ നവീകരിച്ച എസ്.എം.സി.സി വെബ്സൈറ്റിൻറെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.
The inauguration of the new national committee of SMCC was organized













