
ഫ്ളോറിഡ: മയാമിയിൽ നഴ്സായി ജോലി ചെയ്തിരുന്ന പിറവം സ്വദേശി മെറിൻ ജോയിയെ കുത്തി വീഴ്ത്തി കാർ കയറ്റികൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം വിധിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു( നെവിൻ 37) വിന് ഫ്ളോറിഡയിലെ ബ്രോവഡ് കൌണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചു.
മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്നു മെറിൻ. 2020 ജൂലൈ 28നാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വച്ച് പ്രതി കുത്തി വീഴ്ത്തി ദേഹത്തു കൂടി കാർ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനിടെയാണ് കുറ്റകൃത്യം നടന്നത്. ഇരുവർക്കും ഒരു മകളുണ്ട് . കുട്ടി ഇപ്പോൾ മെറിൻ്റെ മാതാപിതാക്കൾക്ക് ഒപ്പമാണ്.
കേസ് വിസ്താര സമയത്ത് കുറ്റം സമ്മതിച്ചതിനാൽ പ്രതിക്ക് വധശിക്ഷ ലഭിച്ചില്ല. മാരക ആയുധം ഉപയോഗിച്ചതിന് 5 വർഷം അധികം തടവുശിക്ഷ അനുഭവിക്കണം. പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളായിരുന്നു മെറിൻ. കൊല്ലപ്പെടുമ്പോൾ 27 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു.
murder of Kerala Nurse at US ; Court sentenced life term for husband Philip Mathew










