റഷ്യൻ എണ്ണയ്ക്ക് നികുതി ചുമത്താനുള്ള യു.എസ് നീക്കം: ഇന്ത്യയെ ശിക്ഷിക്കരുത്; മുന്നറിയിപ്പുമായി ജെപിമോർഗൻ സി.ഇ.ഒ

മുംബൈ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ പ്രമുഖ ആഗോള സാമ്പത്തിക സ്ഥാപനമായ ജെപിമോർഗൻ ചേസിന്റെ സി.ഇ.ഒ ജെയ്മി ഡിമൺ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി പ്രതിരോധിക്കാൻ അമേരിക്ക എടുക്കുന്ന നടപടികൾ ഇന്ത്യയെ ശിക്ഷിക്കുന്ന രീതിയിലാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുംബൈയിൽ നടന്ന ജെപിമോർഗൻ ഇന്ത്യ ഇൻവെസ്റ്റർ കോൺഫറൻസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ നികുതി ചുമത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ ഉപരോധ നിയമം അനുമതി നൽകുന്നുണ്ട്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഡിമണിന്റെ പ്രതികരണം.

ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾ (റിഫൈനറികൾ) പ്രത്യേക തരം ക്രൂഡ് ഓയിൽ സംസ്കരിക്കാനാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ റഷ്യൻ വിതരണം പെട്ടെന്ന് നിർത്തിയാൽ പകരം കണ്ടെത്തുന്നത് എളുപ്പമാകില്ല. റഷ്യൻ എണ്ണയ്ക്ക് മേൽ കടുത്ത നികുതി ഏർപ്പെടുത്തുന്നത് ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റത്തിനും സപ്ലൈ തടസ്സങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പുതിയ നടപടികളിലേക്ക് കടക്കും മുൻപ് യു.എസ് ഭരണകൂടം ന്യൂഡൽഹിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തങ്ങളുടെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ തടസ്സമില്ലാതെ ഊർജ്ജം ലഭ്യമാക്കുക എന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി. ഇന്ത്യ സ്വന്തം ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വിപണി സാഹചര്യങ്ങളും രാജ്യത്തിന്റെ താല്പര്യങ്ങളും മുൻനിർത്തിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി മുൻ മാസത്തെ അപേക്ഷിച്ച് 16.5 ശതമാനം കുറഞ്ഞ് പ്രതിദിനം 21 ലക്ഷം ബാരലായതായി റോയിട്ടേഴ്സ് പുറത്തുവിട്ട ടാങ്കർ വിവരങ്ങൾ വ്യക്തമാക്കുന്നു. എങ്കിലും ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 47 ശതമാനവും ഇപ്പോഴും റഷ്യയിൽ നിന്നാണ്. നിലവിലെ റഷ്യൻ എണ്ണ വ്യാപാരം ഇന്ത്യ-യു.എസ് നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളെ പരീക്ഷിക്കുന്ന ഒന്നാണെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ നിലച്ചിരിക്കുന്ന വ്യാപാര കരാർ പൂർത്തിയാക്കാൻ ഇരു ഗവൺമെന്റുകളും അടിയന്തരമായി ചർച്ചകൾ നടത്തണമെന്ന് ജെയ്മി ഡിമൺ ആവശ്യപ്പെട്ടു.

US move to tax Russian oil: Do not punish India; JPMorgan CEO issues warning.

More Stories from this section

family-dental
witywide