യുദ്ധവും സാമ്പത്തിക പ്രശ്നങ്ങളുമടക്കം ചൂടിപിടിച്ച ചർച്ചകൾ, പക്ഷേ യുഎൻ പൊതുസഭയിൽ സിറിയൻ പ്രസിഡൻ്റ് ‘റീൽസ്’ കാണുന്ന തിരക്കിൽ

ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനവും ചർച്ച ചെയ്യാൻ ആഗോള നേതാക്കൾ യുഎൻ പൊതുസഭയിൽ ഒത്തുകൂടിയപ്പോൾ, സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുടെ ശ്രദ്ധ സ്മാർട്ട്‌ഫോണിലെ ഇൻസ്റ്റാഗ്രാം റീൽസിലായിരുന്നുവെന്ന് റിപ്പോർട്ട്. ടർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ലോകവേദിയിൽ ഗൗരവമേറിയ പ്രസംഗം നടത്തുമ്പോഴാണ്, സദസ്സിലിരുന്ന സിറിയൻ പ്രസിഡന്റ് അതീവ താല്പര്യത്തോടെ ഫോൺ സ്ക്രോൾ ചെയ്യുന്നതും റീൽസുകൾ മറ്റുള്ളവർക്ക് അയക്കുന്നതുമായ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. അന്താരാഷ്ട്ര മാധ്യമമായ കുർദിസ്ഥാൻ 24 ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ദീർഘകാലം സിറിയ ഭരിച്ച ബഷാർ അൽ അസദിനെ പുറത്താക്കിയ വിമത മുന്നേറ്റത്തിന് നേതൃത്വം നൽകി 2025 ജനുവരിയിലാണ് അൽ-ഷറാ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ആറ് പതിറ്റാണ്ടിനിടെ ആദ്യമായി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന സിറിയൻ പ്രതിനിധിയായി ചരിത്രം കുറിച്ച അദ്ദേഹം, രണ്ടാം തവണ ഈ വേദിയിലെത്തിയപ്പോഴാണ് ക്യാമറക്കണ്ണുകളിൽ പെട്ടത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ നൂറ്റിമുപ്പതോളം ലോക നേതാക്കൾ പങ്കെടുക്കുന്ന വാർഷിക പൊതു സംവാദത്തിനാണ് ചൊവ്വാഴ്ച തുടക്കമായത്. ബംഗ്ലാദേശിൽ നിന്നുള്ള ഖലീലുർ റഹ്മാൻ പ്രസിഡന്റായി ചുമതലയേറ്റ ഈ വർഷത്തെ സമ്മേളനത്തിൽ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വിടവാങ്ങൽ പ്രസംഗവും നടന്നു. ആഗോള പ്രതിസന്ധികൾക്ക് പരിഹാരം തേടി ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു സമ്മേളനത്തിനിടയിൽ സിറിയൻ ഭരണാധികാരി സോഷ്യൽ മീഡിയയിൽ സമയം ചിലവഴിച്ചത് ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.

Syrian President watches Instagram Reels while a speech is underway at the UN General Assembly

More Stories from this section

family-dental
witywide