
വാഷിംഗ്ടൺ: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ നീതിന്യായ വകുപ്പ് രംഗത്ത്. പ്രസിഡൻ്റിൻ്റെ താല്പര്യപ്രകാരം വൈറ്റ് ഹൗസിൻ്റെ ചില ഭാഗങ്ങളിൽ നിന്ന് മാധ്യമങ്ങളെ മാറ്റിനിർത്താൻ ഭരണകൂടത്തിന് പൂർണ്ണ അധികാരമുണ്ടെന്ന് ചൊവ്വാഴ്ച രാത്രി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
ഇറാൻ യുദ്ധത്തെക്കുറിച്ചും വൈറ്റ് ഹൗസിലെ ബോൾറൂം നിർമ്മാണത്തെക്കുറിച്ചും ഈ മാധ്യമങ്ങൾ നൽകിയ വാർത്തകൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം മാധ്യമങ്ങളുടെ അവകാശമല്ല, മറിച്ച് അവർക്ക് നൽകുന്ന ഒരു ആനുകൂല്യം മാത്രമാണെന്നും ഭരണകൂടം കോടതിയെ അറിയിച്ചു.
വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗിൽ നിർമ്മിക്കുന്ന ബോൾറൂമിന് താഴെ അതീവ രഹസ്യമായ ബങ്കർ നിർമ്മിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ചോർച്ചാ അന്വേഷണങ്ങൾ, റഷ്യൻ ഉപരോധ ചർച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട് ഈ മൂന്ന് മാധ്യമങ്ങളും പുറത്തുവിട്ട വാർത്തകൾ ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായും മാധ്യമങ്ങൾക്ക് നൽകിയ കത്തിൽ ഭരണകൂടം കുറ്റപ്പെടുത്തുന്നു.
മുൻകൂട്ടി യാതൊരു രേഖാമൂലമുള്ള മുന്നറിയിപ്പോ വിശദീകരണത്തിനുള്ള അവസരമോ നൽകാതെയാണ് തങ്ങളുടെ പ്രവേശനം തടഞ്ഞതെന്നും ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും മാധ്യമ സ്ഥാപനങ്ങൾ ആരോപിച്ചു. വിലക്കിനെതിരെ സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ് കോർപ്സിലെ പ്രമുഖ ചാനലുകളും റേഡിയോകളും ട്രംപിന്റെ തത്സമയ വാർത്താ കവറേജുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫെഡറൽ ജഡ്ജി തിമോത്തി കെല്ലിയുടെ മുൻപാകെ അടിയന്തര വാദം കേൾക്കാനിരിക്കെയാണ് നീതിന്യായ വകുപ്പ് ഈ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
US Department of Justice defends media ban; argues Trump’s move was based on national security.















