മിഡിൽ ഈസ്റ്റിൽ അമേരിക്കൻ താവളങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ ഡ്രോണുകൾ; യു.എസുമായി നിർണായക പ്രതിരോധ കരാറിന് നീക്കം

കൈവ്: ഇറാനുമായുള്ള സൈനിക സംഘർഷങ്ങൾക്കിടയിൽ യു.എസുമായി ചരിത്രപരമായ ഡ്രോൺ പ്രതിരോധ കരാറിൽ ഒപ്പിടാൻ യുക്രെയ്ൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കരാറിൽ ഒപ്പിടാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, യു.എസിന്റെ ഭാഗത്തുനിന്നുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ഏതെങ്കിലും തീയതിയിലായിരിക്കും കരാർ ഔദ്യോഗികമായി ഒപ്പുവെക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി യു.എസ് പ്രതിരോധ വകുപ്പായ പെന്റഗണും യുക്രെയ്ൻ മിലിട്ടറിയും ചേർന്ന് തയ്യാറാക്കിയ പ്രത്യേക ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് കരാർ. ഇത് പ്രകാരം യുക്രെയ്ന്റെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ യു.എസിൽ വെച്ച് തന്നെ വൻതോതിൽ പരീക്ഷിക്കാനും നിർമ്മിക്കാനും ഇരുരാജ്യങ്ങൾക്കും സാധിക്കും.

മിഡിൽ ഈസ്റ്റിൽ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളാണ് യുക്രെയ്ന്റെ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രാധാന്യം അമേരിക്കയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്. യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ‘ഷഹീദ്’ വൺ-വേ അറ്റാക്ക് ഡ്രോണുകളെ പ്രതിരോധിക്കാൻ യു.എസിനും സഖ്യകക്ഷികൾക്കും തുടക്കത്തിൽ സാധിച്ചിരുന്നില്ല. റഷ്യ യുക്രെയ്നിലെ നഗരങ്ങൾ തകർക്കാൻ ഉപയോഗിക്കുന്ന അതേ തരം ഡ്രോണുകളായിരുന്നു ഇവ. ഈ പ്രതിസന്ധി ഘട്ടത്തിൽ യുക്രെയ്ൻ തങ്ങളുടെ ഡ്രോൺ ഇന്റർസെപ്റ്ററുകളും പൈലറ്റുമാരെയും അയച്ചാണ് അമേരിക്കൻ താവളങ്ങളുടെ രക്ഷയ്‌ക്കെത്തിയത്.

ഈ വിജയത്തിന് പിന്നാലെ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ പ്രമുഖ ഗൾഫ് രാജ്യങ്ങളുമായും യുക്രെയ്ൻ പ്രതിരോധ കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്. ഈ വർഷം മാത്രം 1 കോടി ഡ്രോണുകൾ നിർമ്മിക്കാനാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാർച്ചിൽ ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചപ്പോൾ, മുൻ യു.എസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ഗൂഗിളിന്റെ മുൻ സി.ഇ.ഒ എറിക് ഷ്മിറ്റുമായി ബന്ധപ്പെട്ടിരുന്നു. യുക്രെയ്നിൽ സജീവമായ ‘പെരന്നിയൽ ഓട്ടോണമി’ എന്ന അമേരിക്കൻ ഡ്രോൺ കമ്പനിയുടെ സ്ഥാപകനാണ് ഷ്മിറ്റ്. ഇറാന്റെ ഷഹീദ് ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള 13,000 ‘മെറോപ്സ്’ ഇന്റർസെപ്റ്റർ ഡ്രോണുകളും 10,000 ‘ബംബിൾബീ’ നിരീക്ഷണ ഡ്രോണുകളും മിഡിൽ ഈസ്റ്റിലേക്ക് എത്തിക്കാൻ ഡ്രിസ്കോൾ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കകം ഡ്രോണുകൾ എത്തിച്ചെങ്കിലും, യുക്രെയ്നിൽ നിന്നുള്ള എ.ഐ ബീക്കണുകളും സ്ഫോടകവസ്തുക്കളും വരാൻ വൈകിയതിനാൽ ഇവ പ്രവർത്തനസജ്ജമാക്കാൻ ആഴ്ചകൾ വൈകിയിരുന്നു.

യുക്രെയ്നിലെ യുദ്ധാനുഭവങ്ങൾ ഉൾക്കൊണ്ട് സ്വന്തം ഡ്രോൺ ശേഖരം വർദ്ധിപ്പിക്കാൻ പെന്റഗൺ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ‘യു.എസ് ഡ്രോൺ ഡോമിനൻസ് പ്രോഗ്രാം’ വഴി 2027-ഓടെ രണ്ട് ലക്ഷത്തിലധികം ഡ്രോണുകൾ വാങ്ങാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരാറുകളിൽ യുക്രെയ്നിലെ പ്രമുഖ കമ്പനികളായ സ്കൈഫാൾ, പെരന്നിയൽ ഓട്ടോണമി എന്നിവർ ഇതിനകം തന്നെ മുൻതൂക്കം നേടിക്കഴിഞ്ഞു.

കേവലം സാങ്കേതികവിദ്യ വാങ്ങുന്നതിലുപരി, യുദ്ധക്കളത്തിൽ ഡ്രോണുകൾ ഫലപ്രദമായി ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള യുക്രെയ്ന്റെ തന്ത്രപരമായ അറിവുകൾ കൂടി അമേരിക്കൻ സൈന്യത്തിന് കൈമാറാൻ ഈ പുതിയ കരാർ സഹായിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.

Ukrainian drones to protect US bases in the Middle East; move towards a crucial defense agreement with the US.

More Stories from this section

family-dental
witywide