
ഗാസ: ഗാസയിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. നെറ്റ്ബ്ലോക്കിനെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിയൽ ടൈം ഡാറ്റ പ്രകാരം ഗാസയിലെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി നെറ്റ്ബ്ലോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു.
ഗാസയിൽ ക്രമേണ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് പ്രദേശത്തുള്ള മാധ്യമപ്രവർത്തകർ അറിയിച്ചു. മാധ്യമപ്രവർത്തകർക്കും സമൂഹമാധ്യമ ഉപയോക്താക്കൾക്കും വൈ-ഫൈ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്ട് ചെയ്യാൻ സാധിച്ചു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഗാസാനിവസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ വാർത്തവിനിമയ സംവിധാനങ്ങളുടെ അഭാവം ഗാസയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യുഎൻ അറിയിച്ചിരുന്നു. ഇത് ഗാസയിലെ നിലവിലെ യാഥാർഥ്യം പുറംലോകത്തെത്തിക്കാൻ തടസ്സമാകുന്നുണ്ട്. ഗാസയിലെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നതെന്നും യുഎൻ വ്യക്തമാക്കിയിരുന്നു. വാർത്തവിനിമയ സംവിധാനങ്ങൾ നിലച്ചത് മൂലം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി യുഎൻ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ലഭിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചിരുന്നു.










