
ദോഹ: പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം നടപ്പിലാക്കണമെന്നും, എല്ലാ കക്ഷികളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ട് വരണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ആഹ്വാനം ചെയ്തു.
ദോഹയിൽ വെച്ച് ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തർ പ്രധാനമന്ത്രി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ സുരക്ഷ നിലനിർത്തുന്നതിനും സ്ഥിരത വർദ്ധിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ എഡ് മിലിബാൻഡിനെ കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്ന സമഗ്ര കരാറിലെത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.














