
മലപ്പുറം: മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്ന് കരുതി ഇപ്പോഴേ കുരയ്ക്കേണ്ടതില്ലെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്കുള്ള പരോക്ഷ മറുപടിയായാണ് പിഎംഎ സലാം പ്രതികരിച്ചത്. ഇടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു കെ സുധാകരന്റെ പട്ടി പ്രയോഗം.
സുധാകരനല്ല, ഏതു നേതാവായാലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഉപയോഗിക്കുന്ന വാക്കുകളൊക്കെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്നും സലാം പറഞ്ഞു. ഇത് കുറേ തവണ പറഞ്ഞതാണ്. എന്തായാലും ഏതു സാഹചര്യത്തിലാണ് അദ്ദേഹം ആ വാക്കുകള്‍ ഉപയോഗിച്ചത് എന്നതുകൂടി കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും പരിശോധിക്കേണ്ടതു തന്നെയാണ്.
പലസ്തീന്‍ വിഷയം ഒരു സാമുദായിക പ്രശ്‌നമല്ല, അതൊരു മനുഷ്യാവകാശ പ്രശ്നമാണ്. ലോകം മുഴുവന്‍ യുദ്ധത്തെ എതിര്‍ക്കുകയാണ്. കടുംകൊല ചെയ്യുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. അതില്‍ നില്‍ക്കണ്ട ആളുകളൊക്കെ നിന്നോളും. ആരെയെങ്കിലും നിര്‍ത്തേണ്ട ആവശ്യം ലീഗിനില്ലെന്ന് സലാം പറഞ്ഞു. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോ എന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് പിഎംഎ സലാം വ്യക്തമാക്കി.











