ന്യൂജേഴ്‌സിയില്‍ ന്യൂസ് ടീം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും ഫോട്ടോഗ്രാഫറും മരിച്ചു

ഫിലാഡല്‍ഫിയ: ന്യൂജേഴ്സിയിലെ വനത്തില്‍ ഒരു ന്യൂസ് ടീം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ഫോട്ടോഗ്രാഫറും മരിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ന്യൂജേഴ്‌സിയിലെ ഹാമോണ്ടണിനടുത്തുള്ള വാര്‍ട്ടണ്‍ സ്റ്റേറ്റ് ഫോറസ്റ്റിലായിരുന്നു അപകടം. വിമാനത്തില്‍ രണ്ടു യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ജേഴ്സി ഷോറില്‍ ഒരു അസൈന്‍മെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. മള്ളിക്ക റിവര്‍ റോഡില്‍ നിന്നും അര്‍ദ്ധരാത്രിക്ക് ശേഷം വനത്തിനുള്ളില്‍ ന്യൂജഴ്സി പൊലീസ് തകര്‍ന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഫിലാഡല്‍ഫിയയില്‍ നിന്ന് ഏകദേശം 40 മൈല്‍ തെക്കുകിഴക്കായാണ് അപകടസ്ഥലം. അതേ സമയം അപകടസ്ഥലത്തു നിന്നുള്ള തീജ്വാലകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ വര്‍ഷങ്ങളായി ആക്ഷന്‍ ന്യൂസ് ടീമിന്റെ ഭാഗമായിരുന്നെന്ന് ന്യൂസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.