ലിബിയയ്ക്ക് കൈത്താങ്ങാകാൻ ഒമാൻ; അടിയന്തര സഹായം എത്തിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരി

മസ്കറ്റ്: ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്. വെള്ളപ്പൊക്കം മൂലം ലിബിയയിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

കിഴക്കൻ ലിബിയയിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയയ്‌ക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ നിർദ്ദേശം പുറപ്പെടുവിച്ചത്. ഒമാനും ലിബിയയും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പശ്ചാത്തലത്തിലും പ്രകൃതിദുരന്തങ്ങൾ നേരിടുന്നവർക്ക് സഹായഹസ്തം നീട്ടാനുള്ള ഒമാന്റെ താൽപ്പര്യത്തിന്റെ പ്രകടനമായുമാണ് ഒമാൻ ഭരണകൂടത്തിന്റെ ഈ നടപടി.

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനായിരം പേരെയെങ്കിലും കാണാതായതാണ് കണക്കാക്കുന്നത്.

ഏകദേശം 1,25,000 പേര്‍ അധിവസിക്കുന്ന ഡെർണയാണ്പ്രളയം നേരിട്ടു ബാധിച്ച നഗരങ്ങളില്‍ ഒന്ന്. നഗരത്തിന്റെ 25 ശതമാനമെങ്കിലും പ്രളയമെടുത്തു എന്നാണ് ആഭ്യന്തര മന്ത്രി പ്രാദേശിക ടെലിവിഷന്‍ മാധ്യമമായ അൽ മസാറിനോട് പറഞ്ഞത്. രണ്ട് ജില്ലകളിലായി മരണം 2,000 കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി ഇടനാഴികളിൽ വരെ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബെംഗാസി ഉൾപ്പെടെയുള്ള കിഴക്കൻ നഗരങ്ങളിലും മരണസംഖ്യ കുത്തനെ ഉയരുകയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രതിനിധി സംഘം അറിയിച്ചു. ഡെര്‍ണയ്ക്കും ബെംഗാസിയ്ക്കും പുറമേ ബയ്ദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. 7,000 ത്തോളം കുടുംബങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രളയത്തില്‍പ്പെട്ട് നിരവധി പേര്‍ കടലിലേക്ക് ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി നാവികസേന തിരച്ചിൽ നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് അൽ ജസീറയോട് പറഞ്ഞു.

More Stories from this section

family-dental
witywide