
മസ്ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ മേധാവി ആഴ്സെനിയോ ഡൊമിംഗ്യൂസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ വെല്ലുവിളികളും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി.
കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ഗൾഫ് മേഖലയിൽ തടഞ്ഞുവെച്ചിരിക്കുന്ന കപ്പലുകളെ മാനുഷിക പരിഗണനയോടെ മോചിപ്പിക്കാനും തീരദേശ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ഒരു സംയുക്ത നീക്കം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു. പ്രാദേശിക ജലാതിർത്തികളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടും രാജ്യാന്തര സമുദ്ര നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ പത്ത് ആഴ്ചകൾക്ക് മുൻപ് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിന് മേൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാനായി ടെഹ്‌റാൻ ഈ ഗതാഗത പാത ഭാഗികമായി തടഞ്ഞത്. ഇറാനും ഒമാനും ഇടയിലുള്ള ഈ തന്ത്രപ്രധാനമായ കപ്പൽ പാത വഴിയാണ് സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആഗോള എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗവും കടന്നുപോകുന്നത്. ഈ പാത തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഒമാന്റെ ഭാഗത്തുനിന്നുള്ള ഈ നിർണ്ണായക നീക്കം.














