കുവൈത്ത് വിമാനത്താവളത്തിലെ ആക്രമണം: അമേരിക്കൻ മിസൈൽ ലക്ഷ്യം തെറ്റി വീണതെന്ന് ഇറാൻ; വാദം തള്ളി യുഎസ് സൈന്യം

കുവൈത്ത് സിറ്റി: മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തിൽ പരസ്പരം കുറ്റപ്പെടുത്തി ഇറാനും അമേരിക്കയും. കുവൈത്ത് വിമാനത്താവളത്തിലെ ടി1 പാസഞ്ചർ ടെർമിനലിന് നേർക്കുണ്ടായ ആക്രമണം തങ്ങൾ നടത്തിയതല്ലെന്നാണ് ഇറാൻ്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കുന്നത്. ഇറാൻ്റെ മിസൈലുകളെ തടുക്കാൻ അമേരിക്ക പ്രയോഗിച്ച ‘പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്’ സംഭവിച്ച സാങ്കേതിക തകരാറാണ് വിമാനത്താവളത്തിൽ പതിക്കാൻ കാരണമായതെന്നാണ് ഇറാൻ ഉന്നയിക്കുന്ന പുതിയ വാദം. തങ്ങൾ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നും ഇറാൻ്റെ വിശദീകരണത്തിൽ പറയുന്നു.

എന്നാൽ ഇറാൻ്റെ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ്റേത് പച്ചക്കള്ളമാണെന്നും, സാധാരണക്കാർ സഞ്ചരിക്കുന്ന കുവൈത്ത് സിവിൽ ടെർമിനലിന് നേരെ ഇറാൻ ആസൂത്രിതമായി ഡ്രോൺ-മിസൈൽ ആക്രമണം നടത്തുകയായിരുന്നുവെന്നും യുഎസ് സൈന്യം കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മേഖലയിൽ കടുത്ത നയതന്ത്ര-സൈനിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Kuwait airport attack: Iran says US missile missed target; US military denies claim

More Stories from this section

family-dental
witywide