
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിന് സമീപം തങ്ങൾ യുഎസ് പടക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. എന്നാൽ ഇറാൻ്റെ ഈ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു.
ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ബന്ധപ്പെട്ട മാധ്യമങ്ങളാണ് ആക്രമണ വാർത്ത പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുഎസ് നേവിയുടെ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ കപ്പലിന് നേരെ തങ്ങൾ രണ്ട് മിസൈലുകൾ തൊടുത്തതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാൻ്റെ സൈനിക മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ആക്രമണം നടത്തിയതെന്നും, ഇതോടെ യുഎസ് പടക്കപ്പലിന് വഴിമാറി പിന്തിരിഞ്ഞോടേണ്ടി വന്നതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇറാൻ മാധ്യമങ്ങളുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ മറുപടിയുമായി യുഎസ് സൈന്യം രംഗത്തെത്തി. “ഇറാൻ കള്ളം പറയുകയാണെന്നും, മേഖലയിലുള്ള യുഎസ് നാവികസേനയുടെ ഒരു കപ്പലിന് നേരെയും ആക്രമണം ഉണ്ടായിട്ടില്ലെന്നും” യുഎസ് സൈന്യം വ്യക്തമാക്കി. തങ്ങളുടെ നാവിക ആസ്തികളെല്ലാം പൂർണ്ണ സുരക്ഷിതമാണെന്നും, യുഎസ് പടക്കപ്പലുകൾ തടസ്സങ്ങളൊന്നുമില്ലാതെ മേഖലയിൽ പ്രവർത്തനം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Iran claims to have attacked US warship in Strait of Hormuz; US military calls claim false















