
താനും ഭർത്താവ് വിൽ സ്മിത്തും 2016 മുതൽ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ജെയ്ഡ പിങ്കറ്റ് സ്മിത്ത്. എൻബിസിക്ക് നൽകിയ പുതിയ അഭിമുഖത്തിലായിരുന്നു ജെയ്ഡയുടെ വെളിപ്പെടുത്തൽ.
ഏഴ് വർഷമായി പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും ഇത് പൊതുസമൂഹത്തിൽ വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല. തങ്ങൾ ഏറെ ശ്രമിച്ചെന്നും എന്നാൽ ശ്രമത്തിനൊടുവിൽ മടുത്തെന്നും ജെയ്ഡ പറഞ്ഞു. പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ഇരുവരും നിയമപരമായി വേർപിരിഞ്ഞിട്ടില്ല.
താനും 55 കാരനായ വിൽ സ്മിത്തും ഒരിക്കലും വിവാഹമോചനം നേടില്ലെന്ന് സ്വയം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ വാഗ്ദാനം ലംഘിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും 52 കാരിയായ ജെയ്ർ പിങ്കറ്റ് സ്മിത്ത് എൻബിസിയോട് പറഞ്ഞു.
“മറ്റേയാൾ എങ്ങനെയായിരിക്കണെന്ന ഞങ്ങളുടെ തന്നെ ഫാന്റസിയിൽ ഞങ്ങൾ ഇരുവരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ഞാൻ കരുതുന്നു,” ജെയ്ഡ പറഞ്ഞു. പിങ്കറ്റ് സ്മിത്തിന്റെ ഓർമ്മക്കുറിപ്പായ ‘വർത്തി’യുടെ പ്രകാശനത്തിന് മുന്നോടിയായാണ് അഭിമുഖം വന്നത്.
ജെയ്ഡപിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് കഴിഞ്ഞ വർഷത്തെ ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകൻ ക്രിസ് റോക്ക് നടത്തിയ പരാമര്‍ശത്തിൽ പ്രകോപിതനായ വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ദമ്പതികളെ വാർത്തകളിൽ സജീവമാക്കിയിരുന്നു.
തല മൊട്ടയടിച്ചാണ് ജെയ്ഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.
ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്.













