
സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ നടന്ന പ്രശസ്തമായ ‘ബൈറ്റ് ഓഫ് സീറ്റിൽ’ ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെ നഗരത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ‘സ്പേസ് നീഡിലിന്’ തൊട്ടടുത്തുള്ള സിയാറ്റിൽ സെൻ്ററിലായിരുന്നു സംഭവം.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മേളയ്ക്കിടെ പെട്ടെന്ന് വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. വെടിവെപ്പുണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. പലരും അടുത്തുള്ള കടകളിലും സ്പേസ് നീഡിലിൻ്റെ ഗിഫ്റ്റ് ഷോപ്പിലും ഓടിക്കയറിയാണ് ജീവൻ രക്ഷിച്ചത്. രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ഫയർ ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു.
പരിക്കേറ്റവരിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവരെ സമീപത്തെ ഹാർബർവ്യൂ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒടുവിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിയാറ്റിൽ മേയർ കാറ്റി വിൽസൺ അറിയിച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.
സംഭവത്തെ തുടർന്ന് എഫ്.ബി.ഐ, സ്വാറ്റ് തുടങ്ങിയ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. ഈ പ്രദേശത്തെ മോണോറെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സാംസ്കാരിക കൂട്ടായ്മയുടെയും സന്തോഷത്തിൻ്റെയും വേദിയിൽ നടന്ന ഈ ക്രൂരത അതീവ ദുഃഖകരമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മേയർ പ്രസ്താവിച്ചു. ഗൺ വയലൻസ് ആർക്കൈവ് കണക്കുകൾ പ്രകാരം ഈ വർഷം യുഎസിൽ നടക്കുന്ന 271-ാമത്തെ മാസ് ഷൂട്ടിംഗാണിത്.
Shooting at food festival in Sittwe: Several injured, including a child, two dead











