
റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ശാരീരിക ക്ഷമത പരിശോധന ആരംഭിച്ചത്.
പലാമുവില്‍ നാല് പേരും ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായി ഐജി (ഓപ്പറേഷന്‍സ്) അമോല്‍ വി. ഹോംകര്‍ പറഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30 വരെ ആകെ 1,27,772 ഉദ്യോഗാര്‍ഥികള്‍ ശാരീരിക ക്ഷമത പരിശോധനയ്ക്ക് ഹാജരായി. അതില്‍ 78,023 പേര്‍ വിജയിച്ചു.
എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ ടീമുകള്‍, മരുന്നുകള്‍, ആംബുലന്‍സ്, മൊബൈല്‍ ടോയ്ലറ്റുകള്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഹോംകര്‍ പറഞ്ഞു. അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് ആരോപിച്ച് ബിജെപി യുവജനവിഭാഗം റാഞ്ചിയിലെ ആല്‍ബര്‍ട്ട് എക്ക ചൗക്കില്‍ ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രകടനം നടത്തി.













