ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോട്ടലിൻ്റെ 32ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പിവീണ് യുവതിക്ക് പരിക്ക്: 12 വയസുള്ള കുട്ടിക്കെതിരെ കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ്‌ക്വയര്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഒരിടമാണ്. എങ്കിലും വികൃതികളായ കുട്ടികള്‍ ഒപ്പിച്ച ഒരു പണികാരണം ടൈംസ്‌ക്വയിന്റെ തെരുവ് താത്ക്കാലികമായി അടച്ചിടേണ്ട സ്ഥിതിയുണ്ടായി. 11ഉം 12ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ ടൈംസ്‌ക്വയറിന് സമീപമുള്ള ഒരു ഹോട്ടലിന്റെ 32-ാം നിലയില്‍ നിന്ന് മദ്യകുപ്പികള്‍ എറിയുകയും അത് വീണ് താഴെ നിന്ന ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 12 വയസുള്ള കുട്ടിക്കെതിരെ കേസെടുത്തു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും ഇത് തെരുവ് താല്‍ക്കാലികമായി അടച്ചിടുന്നതിലേക്ക് നയിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ ന്യൂയോര്‍ക്ക് ടൈംസ്സ്‌ക്വയര്‍ ഹോട്ടലില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് രണ്ട് കുട്ടികളും താമസിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്തയാളെന്ന നിലയില്‍ 12 വയസുള്ള കുട്ടിക്കെതിരെ അശ്രദ്ധമായി അപായപ്പെടുത്തല്‍ കുറ്റം ചുമത്തിയപ്പോള്‍, 11 വയസുകാരിയുടെ പ്രായം പരിഗണിച്ച് കുറ്റം ചുമത്തിയിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഉയരത്തില്‍ നിന്നും കുപ്പികൾ വീണ് പൊട്ടിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി, വെടിവയ്പ്പാണെന്ന് തെറ്റിധരിക്കുകയും ചെയ്തു. തെരുവില്‍ നിന്ന 24 വയസുകാരിക്ക് തലയ്ക്കാണ് മുറിവേറ്റത്. ഉടന്‍ തന്നെ യുവതിയെ ബെല്ലെവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Stories from this section

family-dental
witywide