
വാഷിംഗ്ടൺ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും വൻതോതിൽ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകാൻ അമേരിക്കൻ നീക്കം. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്താൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ഉപരോധ ബിൽ അമേരിക്കൻ സെനറ്റ് പാസാക്കി.
‘ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ എന്ന് പേരിട്ടിരിക്കുന്ന ഉഭയകക്ഷി ബിൽ 11-നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്. യുക്രെയ്ൻ യുദ്ധത്തിനുള്ള റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയെ ഈ നിയമം നേരിട്ട് ബാധിക്കും. അമേരിക്കൻ വിപണി വേണോ അതോ റഷ്യയുടെ വിലകുറഞ്ഞ ഇന്ധനം വേണോ എന്ന് തിരഞ്ഞെടുക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ.
അമേരിക്ക 100% നികുതി ചുമത്തിയാൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യു.എസ് വിപണിയിൽ ഇരട്ടിയിലധികം വിലയാകും. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ തകിടം മറിച്ചേക്കാം. പ്രത്യേകിച്ച് എൻജിനീയറിങ് സാധനങ്ങൾ, മരുന്നുകൾ, കെമിക്കലുകൾ, വസ്ത്രങ്ങൾ (Textiles), വാഹന ഭാഗങ്ങൾ തുടങ്ങിയ മേഖലകളെ ഇത് ദോഷകരമായി ബാധിക്കും:
വില വർദ്ധിക്കുന്നതോടെ അമേരിക്കൻ വ്യാപാരികൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പകരം മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങുമെന്നത് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
2022-ൽ യുക്രൈൻ യുദ്ധം ആരംഭിച്ചതു മുതൽ, യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ ബഹിഷ്കരിച്ചപ്പോൾ ഇന്ത്യ വലിയ വിലക്കിഴിവിൽ റഷ്യയിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. മിഡിൽ ഈസ്റ്റിലെ സമുദ്രപാതകളിൽ ഉണ്ടായ തടസ്സങ്ങൾ കാരണം കഴിഞ്ഞ ജൂണിൽ മാത്രം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 34 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഇന്ധനം ലഭ്യമാക്കാനും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുമാണ് റഷ്യൻ എണ്ണ വാങ്ങുന്നത് എന്നാണ് നയതന്ത്ര തലത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
ബില്ലിന് സെനറ്റിൽ വലിയ പിന്തുണ ലഭിച്ചെങ്കിലും, ട്രംപിന് അമിത നികുതി അധികാരം നൽകുന്നതിനെതിരെ ചില അമേരിക്കൻ ജനപ്രതിനിധികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇറക്കുമതി നികുതി കൂട്ടുന്നത് അമേരിക്കയിലെ സാധാരണക്കാരുടെ ജീവനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് സെനറ്റർ റോൺ വൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയുടെ ആകെ വാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം വാങ്ങുകയും റഷ്യൻ ആശ്രയത്വം കുറയ്ക്കാൻ വ്യക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ഇളവ് ലഭിച്ചേക്കാം. കൂടാതെ, അമേരിക്കയുടെ ദേശീയ താല്പര്യം മുൻനിർത്തി ഏതൊരു രാജ്യത്തിനും പ്രത്യേക ഇളവുകൾ നൽകാൻ യു.എസ് പ്രസിഡന്റിന് അധികാരമുണ്ടാകും.
സെനറ്റ് പാസാക്കിയ ഈ ബിൽ ഇനി അമേരിക്കൻ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വരും. അവിടെയും അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ട്രംപ് ഒപ്പുവെക്കുന്നതോടെ മാത്രമായിരിക്കും ഇത് നിയമമായി മാറുക.
US threatens countries buying Russian oil: Trump moves to impose 100% tax on India















