ജപ്പാന്‍ ‘മെഗാക്വേക്ക്’ അലേര്‍ട്ട് നല്‍കിയതിന് പിന്നാലെ ടോക്കിയോയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ 7.1 തീവ്രതയില്‍ ഭൂകമ്പമുണ്ടാവുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ, ടോക്കിയോയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

വെള്ളിയാഴ്ച വൈകുന്നേരം ടോക്കിയോയിലും പരിസര പ്രദേശങ്ങളിലുമാണ് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയാണ് വിവരം അറിയിച്ചത്. രാജ്യത്തിന്റെ പസഫിക് തീരത്ത് വന്‍ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, സുനാമി മുന്നറിയിപ്പില്ലാതെ തലസ്ഥാന നഗരത്തിലും കനഗാവ, സൈതാമ, യമനാഷി, ഷിസുവോക പ്രിഫെക്ചര്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനമുണ്ടാകുമെന്ന് സര്‍ക്കാര്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് സുനാമി മുന്നറിയിപ്പ് നിലനില്‍ക്കെ മെഗാക്വേക്ക് അലേര്‍ട്ടും അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതിമാരകമായ വിനാശം വരുത്താന്‍ ശേഷിയുള്ള ഭൂചലനത്തെയാണ് ‘മെഗാക്വേക്ക്’ എന്ന് വിശേഷിപ്പിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. റിക്ടര്‍ സ്‌കെയിലില്‍ എട്ടോ അതിലധികമോ രേഖപ്പെടുത്തുമ്പോഴാണ് മെഗാക്വേക്ക് ഉണ്ടാകുന്നത്.