
എഴുപത്തിയഞ്ചാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്തോളജി മിനി സീരീസ് ബീഫ്, കോമഡി- ഡ്രാമ സീരീസ് ദ ബെയര്‍ എന്നിവ കൂടുതല്‍ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ലിമിറ്റഡ്, ആന്തോളജി സീരീസ് വിഭാഗത്തില്‍ മികച്ച സീരീസ്, മികച്ച സംവിധാനം, മികച്ച കഥ (ലീ സങ് ജിന്‍), മികച്ച നടന്‍ (സ്റ്റീവന്‍ യൂങ്), മികച്ച ലിമിറ്റഡ്, ആന്തോളജി സീരീസ് എന്നീ പുരസ്‌കാരങ്ങള്‍ ബീഫ് സ്വന്തമാക്കി.
മികച്ച കോമഡി സീരീസ് വിഭാത്തില്‍ മികച്ച സീരീസ്, മികച്ച സഹനടി (അയോ എഡെബിരി), മികച്ച നടന്‍ (ജെറമി അലന്‍), മികച്ച സംവിധാനം (ക്രിസറ്റഫര്‍ സ്റ്റോറര്‍) എന്നീ പുരസ്‌കാരങ്ങളാണ് ബെയര്‍ നേടിയത്. സക്‌സഷനാണ് മികച്ച ഡ്രാമ വിഭാഗത്തിലെ സീരീസ്. മികച്ച കഥ (ജെസ്സി ആംസ്‌ട്രോങ്), മികച്ച സംവിധാനം (മാര്‍ക്ക് മൈലോഡ്), മികച്ച നടന്‍ (കീരന്‍ കുല്‍കിന്‍), മികച്ച നടി (സാറ സ്‌നൂക്ക്), മികച്ച ഡ്രാമ സീരീസ് എന്നീ പുരസ്‌കാരങ്ങളും സക്‌സഷന്‍ സ്വന്തമാക്കി.
ഇത്തവണത്തെ എമ്മി ഗവർണേഴ്സ് പുരസ്കാരം ഗ്ലാഡ് എന്ന അമേരിക്കൻ സർക്കാരിതര മാധ്യമ നിരീക്ഷണ സ്ഥാപനത്തിനാണ്. എൽജിബിടിക്യു വിഭാഗത്തിനെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനത്തിനാണ് പുരസ്കാരം.












