ഉറക്കം കെടുത്തുന്ന ഉച്ചഭാഷിണി; കാലിഫോർണിയയിലെ പ്രമുഖ ഇന്ത്യൻ ക്ഷേത്രത്തിലെ ശബ്ദം അഹസനീയമെന്ന് പ്രദേശവാസികൾ

ഫ്രീമോണ്ട് (കാലിഫോർണിയ): കാലിഫോർണിയയിലെ പ്രശസ്തമായ ഫ്രീമോണ്ട് ഹിന്ദു ക്ഷേത്രത്തിൽ അടുത്തിടെ നടന്ന ഉച്ചത്തിലുള്ള ആഘോഷങ്ങൾക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതോടെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വേദിക് ധർമ്മ സമാജ് എന്ന ക്ഷേത്രത്തിൽ നടന്ന പരിപാടികളും ഉച്ചത്തിലുള്ള സംഗീതവും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഇതുവരെ ഇരുപത്തിയഞ്ചിലധികം പരാതികളാണ് അധികൃതർക്ക് നൽകിയിട്ടുള്ളത്.

രാത്രി 9 മണി കഴിഞ്ഞിട്ടും പ്രത്യേക അനുമതികളൊന്നുമില്ലാതെ ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദവും തുടരുന്നതിന്റെ ദൃശ്യങ്ങൾ അയൽവാസികൾ പുറത്തുവിട്ടിട്ടുണ്ട്. ശബ്ദമലിനീകരണം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ജൂലൈ മാസത്തിൽ നഗരസഭാ അധികൃതർ നാട്ടുകാരുമായും ക്ഷേത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, അതിനുശേഷവും വലിയ രീതിയിൽ ശബ്ദമുയർത്തിക്കൊണ്ടുള്ള പരിപാടികൾ തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

“ക്ഷേത്രത്തിലെ ഉച്ചത്തിലുള്ള ശബ്ദം കാരണം ഞങ്ങൾക്ക് കൃത്യമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. പലപ്പോഴും രാത്രി വൈകുവോളം ഈ പരിപാടികൾ നീണ്ടുനിൽക്കാറുണ്ട്,” എന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

അതേസമയം, അടുത്തിടെ നടന്ന പരിപാടിക്ക് തങ്ങൾക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ക്ഷേത്ര അധികൃതരുടെ വിശദീകരണം. എന്നാൽ, അനുമതി പത്രത്തിൽ പറഞ്ഞിട്ടുള്ള രാത്രി 9 മണി എന്ന സമയപരിധി കഴിഞ്ഞിട്ടും ഉച്ചഭാഷിണികൾ പ്രവർത്തിച്ചതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ സമയങ്ങളിൽ പോലും ഇത്തരം ബഹളങ്ങൾ ഉണ്ടാകാറുണ്ടെന്നും അവർ പരാതിപ്പെടുന്നു.

ക്ഷേത്രത്തിൽ പരിപാടികൾ നടത്തുന്നതിനോ ആരാധനയ്ക്കോ തങ്ങൾ എതിരല്ലെന്നും, എന്നാൽ ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ നടത്തുമ്പോൾ കൂടുതൽ അനുയോജ്യമായ മറ്റ് വേദികൾ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

1985 മുതൽ ബേ ഏരിയയിൽ പ്രവർത്തിക്കുന്ന ഫ്രീമോണ്ട് ഹിന്ദു ക്ഷേത്രത്തിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. 1970-കളിൽ ഇന്ത്യയിൽ നിന്നും കാലിഫോർണിയയിലേക്ക് കുടിയേറിയ എഞ്ചിനീയർമാരും ഡോക്ടർമാരും അടങ്ങുന്ന ഹിന്ദു സമൂഹമാണ് വീടുകളിൽ ആരാധന നടത്തി ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. പിന്നീട് വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ 1982-ൽ കെട്ടിടം വാങ്ങുകയും 1985-ൽ ഇത് ഔദ്യോഗികമായി ക്ഷേത്രമായി മാറുകയും ചെയ്യുകയായിരുന്നു.

അടുത്തിടെ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന അഞ്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവവും വലിയ വാർത്തയായിരുന്നു. ഈ കേസിൽ സാൻ ജോസ് സ്വദേശിയായ 30-കാരനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ നാട്ടുകാർ നൽകിയ പരാതികളിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നതിനായി ക്ഷേത്ര ഭാരവാഹികളുമായും അയൽവാസികളുമായും ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫ്രീമോണ്ട് സിറ്റി അധികൃതർ വ്യക്തമാക്കി.

Loudspeakers Disrupting Sleep: Local Residents Complain of Unbearable Noise from a Prominent Indian Temple in California

More Stories from this section

family-dental
witywide