
ഒക്ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസുകളിൽ രാജ്യത്ത് മുൻപന്തിയിലുള്ള ഒഹായോമ സംസ്ഥാനത്ത്, കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിപുലമായ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഗാർഹിക പീഡന പരിധിയിൽ വരുന്ന കുട്ടികളുടെ നിയമപരമായ നിർവചനം വിപുലീകരിക്കാനും, ആവർത്തിച്ചുള്ള അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ജാമ്യമില്ലാ ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികൾ 2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്ത് ഗാർഹിക പീഡനക്കേസുകളിൽ ഉണ്ടായ ഭീതിജനകമായ വർധനവാണ് ഇത്തരമൊരു അടിയന്തര നിയമനിർമ്മാണത്തിലേക്ക് സർക്കാരിനെ നയിച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം 2023-നും 2024-നും ഇടയിൽ മാത്രം ഗാർഹിക പീഡനങ്ങളിൽ 11 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2024-ൽ മാത്രം 29,198 പീഡനക്കേസുകളും എണ്ണായിരത്തോളം അറസ്റ്റുകളും ഒഹായോമയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ‘ഫറ്റാലിറ്റി റിവ്യൂ ബോർഡ്’ നടത്തിയ വിശദമായ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പുതിയ നയരൂപീകരണം നടത്തിയിരിക്കുന്നത്.
നിയമത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ‘സെനറ്റ് ബിൽ 1238’, ‘സെനറ്റ് ബിൽ 1264’ എന്നിവയാണ് നിയമസഭ പാസാക്കിയത്. സെനറ്റ് ബിൽ 1238 അനുസരിച്ച് ഗാർഹിക കേസുകളിൽ കുട്ടികളുടെ നിർവചനം പുതുക്കുകയും, ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നതുപോലുള്ള ക്രൂരതകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. സെനറ്റ് ബിൽ 1264 വഴി ചില പ്രത്യേക കുറ്റകൃത്യങ്ങളെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുകയും ശാരീരിക പീഡനങ്ങളുടെ വ്യാപ്തി കൂടുതൽ വിപുലമായി നിർവചിക്കുകയും ചെയ്തിട്ടുണ്ട്.
മദ്യപിച്ചു വണ്ടിയോടിച്ചാൽ പൂട്ടുവീഴും
ഗാർഹിക പീഡന നിയമങ്ങൾക്കൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെതിരെയും ഒക്ലഹോമ പുതിയ ‘സെനറ്റ് ബിൽ 1543’ പ്രകാരം പിടിമുറുക്കുകയാണ്. പുതിയ നിയമപ്രകാരം, ഒരാൾ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, ആദ്യത്തെ കേസിൽ കോടതി വിധി വന്നിട്ടില്ലെങ്കിൽ പോലും രണ്ടാമത്തെ കുറ്റകൃത്യം വഴി കേസ് നേരിട്ട് ഗുരുതരമായ ‘ക്ലാസ് സി2 ഫെലനി’ എന്ന ക്രിമിനൽ കുറ്റമായി ഉയർത്താൻ പ്രൊസിക്യൂട്ടർമാർക്ക് സാധിക്കും.
മുൻപ് ആദ്യത്തെ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അടുത്തത് വലിയ കുറ്റമായി കണക്കാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ പുതിയ ഭേദഗതിയോടെ ലഹരിയിലുള്ള ആവർത്തിച്ചുള്ള വാഹനമോടിക്കലിന് കർശനമായ തടവുശിക്ഷ ഉറപ്പാക്കാനാകും.
മറ്റു പല സംസ്ഥാനങ്ങളും നടപ്പിലാക്കിയ മാതൃകയിലാണ് ഒഹായോമയും ശിക്ഷാനടപടികൾ കർശനമാക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ കേസുകളിൽ ശക്തമായ വിചാരണയും ശിക്ഷയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരമായ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Oklahoma ranks first in the nation for domestic violence cases; state introduces urgent legal reforms and implements strict measures against drunk driving.















