
ഇസ്ലാമാബാദ്/ലണ്ടൻ: കശ്മീരികളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ പ്രചാരണം നടത്തുന്ന പ്രമുഖ ബ്രിട്ടീഷ് ലേബർ പാർട്ടി കൗൺസിലർ ദാലത് അലിയെ പാകിസ്താൻ തടഞ്ഞുവെച്ചു. ഒക്ടോബറിൽ പാകിസ്താൻ സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, പിന്നീട് യുകെയിലേക്ക് മടങ്ങുന്നതിൽ നിന്ന് വിമാനത്താവളത്തിൽ വിലക്കുകയായിരുന്നു. ഒക്ടോബർ 28-ന് ലാഹോർ വിമാനത്താവളത്തിൽ നിന്ന് യുകെയിലേക്കുള്ള വിമാനത്തിൽ കയറാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞത്. പാകിസ്താന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്.ഐ.എ) യാത്രാവിലക്കുള്ളവരുടെ പ്രത്യേക കൺട്രോൾ ലിസ്റ്റിൽ അലിയുടെ പേരുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
ബ്രിട്ടനിലെ റോച്ച്ഡെയ്ൽ ബറോ കൗൺസിൽ ഡെപ്യൂട്ടി ലീഡറായ ദാലത് അലി, കൗൺസിലിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പമാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സാഹിവാൾ നഗരത്തിൽ എത്തിയത്. കശ്മീർ വിഷയത്തിൽ ദാലത് അലി നടത്തുന്ന സജീവമായ ഇടപെടലുകളും ആക്ടിവിസവുമാണ് പാകിസ്താനെ ചൊടിപ്പിച്ചതെന്നും ഇതാണ് തടഞ്ഞുവെക്കലിന് പിന്നിലെന്നും റോച്ച്ഡെയ്ൽ കൗൺസിൽ സംശയിക്കുന്നു. പാകിസ്താൻ അധിനിവേശ കശ്മീരിനെ പാകിസ്താൻ അനധികൃതമായി കൈയടക്കിവെച്ചിരിക്കുന്ന പ്രദേശമായാണ് അലി തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും വിശേഷിപ്പിച്ചിട്ടുള്ളത്.
ഒക്ടോബർ പകുതിയോടെ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിയ അലിയെ പാക് അധികൃതർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ്-പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ വീണ്ടും വിലക്കേർപ്പെടുത്തുകയായിരുന്നു. നിലവിൽ അലി കസ്റ്റഡിയിലല്ലെന്നും ഇസ്ലാമാബാദിൽ ചില ഔദ്യോഗിക പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവത്തിൽ ബ്രിട്ടനിൽ വലിയ രാഷ്ട്രീയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി ഇമ്രാൻ ഹുസൈൻ വിഷയത്തിൽ അടിയന്തര മന്ത്രിതല ഇടപെടൽ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം മാനിക്കപ്പെടണമെന്നും കൗൺസിലറുടെ അടിയന്തര മോചനവും സുരക്ഷിതമായ മടങ്ങിവരവും യുകെ സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരി കമ്മ്യൂണിറ്റി നേതാവിനെ തടഞ്ഞുവെച്ച പാക് നടപടി രാഷ്ട്രീയ ഭീഷണിയാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മനുഷ്യാവകാശ പ്രവർത്തകരും വിമർശിച്ചു.
യുകെയിലെ റോച്ച്ഡെയ്ലിൽ വലിയൊരു വിഭാഗം കശ്മീരി വംശജർ താമസിക്കുന്നുണ്ട്. പാകിസ്താൻ അധിനിവേശ കശ്മീരിലെ കോട്ട്ലി സ്വദേശിയായ ദാലത് അലി ബ്രിട്ടനിലെ കശ്മീരി സംഘടനകളുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
Pakistan detains British councillor who spoke up for Kashmiris; also bars him from leaving the country.















