കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ ജവാന്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ വെടിയുണ്ടകള്‍, കത്തികൊണ്ടുള്ള മുറിവുകളും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ ജവാനെ കൊലപ്പെടുത്തി. അനന്തനാഗിലെ പത്രിബാല്‍ വനമേഖലയില്‍ നിന്നാണ് സൈനികന്റെ ഭൗതികദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിനൊപ്പം ഭീകരര്‍ തട്ടിക്കൊണ്ട് പോയ മറ്റൊരു സൈനികനെ സാരമായ പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയിലെ 161ാം യൂണിറ്റിലെ സേനാംഗങ്ങളാണ് ഇരുവരും.

ഇന്ന് രാവിലെയോടെയാണ് സൈനികരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. സംഭവം അറിഞ്ഞതിന് പിന്നാലെ ഇവര്‍ക്കായി സൈന്യവും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ വനമേഖലയില്‍ നിന്നും പരിക്കേറ്റ നിലയില്‍ ഒരു സൈനികനെ കണ്ടെത്തി. തുടര്‍ന്നും നടത്തിയ പരിശോധനയില്‍ രണ്ടാമത്തെ സൈനികന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെയും കത്തികൊണ്ട് മുറിവേറ്റ പാടുകളും ഉണ്ട്. ഭീകരരുടെ പക്കല്‍ നിന്നും ഇരുസൈനികരും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് സൂചന. ഒരു സൈനികലെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.

പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.