തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടി കടക്കെണിയില്‍ ? 2കോടി യുഎസ് ഡോളര്‍ കണ്ടെത്താന്‍ നെട്ടോട്ടം ! , അനൗദ്യോഗികം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് സന്തോഷമെങ്കില്‍ കടക്കെണിയുടെ അധിക ദുഖത്തിലാണ് ഡെമോക്രാറ്റുകളെന്ന് റിപ്പോര്‍ട്ട്. കമലയുടെ പരാജയത്തോടെ ഡെമോക്രാറ്റ് പാര്‍ട്ടി കടക്കെണിയില്‍പ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.

പൊളിറ്റിക്കോയുടെ കലിഫോര്‍ണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കാഡെലാഗോയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് രണ്ടു കോടിയോളം യുഎസ് ഡോളറിന്റെ (20 ദശലക്ഷം 168.79 കോടി ഇന്ത്യന്‍ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. കാഡെലാഗോയുടെ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാര്‍ട്ടിന്റെ മാത്യു ബോയില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, യുഎസിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും ഈ വാദത്തിനു പിന്നാലെ പോയിട്ടില്ല.

ഒക്ടോബര്‍ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ സംഘത്തിന് ഒരു ബില്യന്‍ (100 കോടി) യുഎസ് ഡോളര്‍ ഫണ്ട് കണ്ടെത്താന്‍ സാധിച്ചിരുന്നു. ബാങ്ക് അക്കൗണ്ടില്‍ 11.8 കോടി യുഎസ് ഡോളര്‍ ഉണ്ടായിരുന്നുവെന്നുമാണ് കാഡെലാഗോ പുറത്തുവിട്ട വിവരം. കമലയുടെ പ്രചാരണ സംഘത്തില്‍പ്പെട്ടവരെ അനൗദ്യോഗികമായ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ വിഷയത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നില്ലെങ്കിലും നിയുക്ത പ്രസിഡന്റ് ട്രംപ് പ്രതികരണവുമായി എത്തിയിരുന്നു. കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു ട്രംപ്. ”ഈ പ്രതിസന്ധി കാലഘട്ടത്തില്‍ നമുക്ക് ചെയ്യാനാകുന്നത് അവര്‍ക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് ഐക്യം വേണ്ടതിനാല്‍ പാര്‍ട്ടിയായി അവരെ സഹായിക്കണം” – ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.