യു.എസ് ഗ്രീൻ കാർഡ് നിയമത്തിൽ ഇളവ്: സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ഉത്തരവ് ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിട്ട് ആഭ്യന്തര സുരക്ഷാ വകുപ്പ്

വാഷിംഗ്ടൺ: സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നത് വരെ അപേക്ഷകർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന വിവാദ ഉത്തരവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭേദഗതി വരുത്തുന്നു. ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന എല്ലാവരും രാജ്യം വിടേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള ചുമതല ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വ്യക്തമാക്കി.

കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി, യു.എസിൽ താൽക്കാലികമായി താമസിക്കുന്ന വിദേശികൾ ഗ്രീൻ കാർഡിന് അപേക്ഷിക്കുമ്പോൾ അസാധാരണ സാഹചര്യങ്ങളിലൊഴികെ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക് കാലെർ മുൻപ് അറിയിച്ചിരുന്നു. നിയമത്തിലെ പോരായ്മകൾ ഒഴിവാക്കാനും അനധികൃത കുടിയേറ്റം തടയാനുമാണ് ഈ നീക്കമെന്നായിരുന്നു വിശദീകരണം.

എന്നാൽ, ഈ മുൻ ഉത്തരവ് വലിയ ആശങ്കകൾക്ക് വഴിമാറിയതോടെയാണ് ഡി.എച്ച്.എസ് നിലപാടിൽ മാറ്റം വരുത്തിയത്. പുതിയ വിശദീകരണ പ്രകാരം, എല്ലാ അപേക്ഷകരും സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടതില്ല. ഓരോ അപേക്ഷകൻ്റെയും സാഹചര്യം പരിശോധിച്ച് യു.എസിൽ തുടരണമോ അതോ സ്വന്തം നാട്ടിലേക്ക് പോകണമോ എന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം. ഇത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും ഡി.എച്ച്.എസ് വക്താവ് വ്യക്തമാക്കി.

ഐ.ടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആശ്വാസം

യു.എസിലെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നവർക്കും ദേശീയ താൽപ്പര്യമുള്ളവർക്കും രാജ്യത്ത് തുടർന്നു കൊണ്ട് തന്നെ ഗ്രീൻ കാർഡ് നടപടികളുമായി മുന്നോട്ട് പോകാം. മെയ് 21-ലെ ആദ്യ മെമ്മോ പുറത്തുവന്നതോടെ എഫ്-1 സ്റ്റുഡന്റ് വിസക്കാർ, ടൂറിസ്റ്റ് വിസക്കാർ എന്നിവർക്കൊപ്പം എച്ച്-1ബി (H-1B) വിസയുള്ള ജീവനക്കാരും വലിയ ആശങ്കയിലായിരുന്നു. യു.എസിലെ എച്ച്-1ബി വിസക്കാരിൽ 70 ശതമാനത്തോളം ഇന്ത്യക്കാരാണ്.

എച്ച്-1ബി വിസയിലെ ‘ഡ്യുവൽ ഇന്റന്റ്’ (Dual Intent) വ്യവസ്ഥ പ്രകാരം താൽക്കാലികമായി ജോലി ചെയ്യുന്നതോടൊപ്പം തന്നെ സ്ഥിരതാമസത്തിന് അപേക്ഷിക്കാനും സാധിക്കും. അതുകൊണ്ട് തന്നെ പുതിയ ഇളവുകൾ ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള എച്ച്-1ബി വിസക്കാർക്ക് വലിയ ആശ്വാസമാകും. എങ്കിലും ഗ്രീൻ കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭാവി നടപടികളിൽ ഇപ്പോഴും പൂർണ്ണമായ വ്യക്തത വന്നിട്ടില്ല.

US Green Card Law Waiver: Department of Homeland Security Leaves Return Orders to Officers’ Discretion

More Stories from this section

family-dental
witywide