യാത്രക്കാരിയുടെ മുടിയിൽ പേനുകൾ; ന്യൂയോർക്കിലേക്കുള്ള വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു; വൈകിയത് 12 മണിക്കൂർ

യാത്രക്കാരിയുടെ തല മുടിയിൽ പേൻ ഇഴയുന്നത് കണ്ടതിനെ തുടർന്ന് ലോസ് ആഞ്ചലസ്-ന്യൂയോർക്ക് അമേരിക്കൻ എയർലൈൻസ് വിമാനം ഫീനിക്സിൽ അടിയന്തരമായി ഇറക്കി. യാത്രക്കാർക്കിടയിലെ ആശയക്കുഴപ്പവും അനിശ്ചിതത്വവും വിവരിച്ചുകൊണ്ട് വിമാനത്തിലെ യാത്രക്കാരനായ ഏഥൻ ജൂഡൽസൺ ടിക് ടോക്കിൽ തൻ്റെ അനുഭവം പങ്കുവെച്ചു.

സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകുകയും യാത്രക്കാര്‍ക്ക് അധികൃതര്‍ ഹോട്ടലിൽ താമസസൗകര്യത്തിനായുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു. അടിയന്തര ലാന്‍ഡിങ് നടന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. ഒരു യാത്രക്കാരിക്ക് അടിയന്തര ആരോഗ്യപ്രശ്‌നമുണ്ടായതാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്. ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 2201 ആണ് ഫീനിക്‌സിലേക്ക് തിരിച്ചുവിട്ടത്.

“ഞാന്‍ നോക്കുമ്പോള്‍ യാത്രക്കാര്‍ ആരും പരിഭ്രാന്തരല്ല. പേടിക്കാന്‍ മാത്രമുള്ളതൊന്നുമില്ല എന്ന് എനിക്ക് തോന്നി. പക്ഷേ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടി,” ജൂഡല്‍സണ്‍ വീഡിയോയില്‍ പറഞ്ഞു.

അപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് മിക്ക യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് കാര്യം മനസിലായതെന്നും ജൂഡല്‍സണ്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകൾ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide