ട്രംപിൻ്റെയും നെതന്യാഹുവിൻ്റെയും തലയ്ക്ക് വിലയിട്ട് ഇറാൻ; വധിക്കുന്നവർക്ക് 5.8 കോടി ഡോളർ പ്രതിഫലം

ടെഹ്റാൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ പാർലമെൻ്റ് നിയമനിർമാണത്തിനൊരുങ്ങുന്നു. ഇരുവരെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ അല്ലെങ്കിൽ 50 മില്യൺ യൂറോ) പ്രതിഫലം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇറാൻ പാർലമെൻ്റ് പരിഗണിക്കുന്നത്. ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ പാർലമെൻ്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഡോണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവർക്ക് പുറമെ യുഎസ് സെൻട്രൽ കമാൻഡ് ചീഫും ഈ വധഭീഷണിയുടെ പട്ടികയിലുണ്ട്. ഇവരെ ഇല്ലാതാക്കുന്ന ഏതൊരു വ്യക്തിക്കോ സംഘടനയ്ക്കോ ഈ തുക കൈമാറുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

നേരത്തെ, ഇറാൻ അനുകൂല സൈബർ ഗ്രൂപ്പായ ‘ഹൻഡല’ ഇരുവരെയും വധിക്കുന്നവർക്ക് 50 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഔദ്യോഗികമായി തന്നെ നിയമനിർമാണത്തിലേക്ക് കടക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന അതീവ സങ്കീർണ്ണമായ വെടിനിർത്തൽ ചർച്ചകളെയും സമാധാന ശ്രമങ്ങളെയും ഈ പുതിയ നീക്കം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തനിക്കെതിരെ ഇറാൻ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വധശ്രമമുണ്ടായാൽ ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന ശക്തമായ മുന്നറിയിപ്പ് ട്രംപ് മുൻപ് നൽകിയിട്ടുള്ളതിനാൽ ഈ നീക്കം പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധഭീതിക്ക് വഴിതുറന്നേക്കാം.

Iran offers $58 million bounty on Trump and Netanyahu’s heads

More Stories from this section

family-dental
witywide