
ന്യൂഡൽഹി: വിദേശ മണ്ണിൽ ഇന്ത്യക്കെതിരെ വിരൽ ചൂണ്ടിയ വിദേശ മാധ്യമങ്ങൾക്ക് കൃത്യമായ മറുപടി നൽകി കയ്യടി നേടി മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയുമായ (വെസ്റ്റ്) സിബി ജോർജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഒസ്‌ലോയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംയുക്ത വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാത്തതിന് ഒരു നോർവീജിയൻ പത്രത്തിലെ മാധ്യമപ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ചതോടെയാണ് ഈ സന്ദർശനത്തിൻ്റെ നോർവേ ഘട്ടം കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. പ്രധാനമന്ത്രി വേദി വിട്ടുപോകുന്നതിൻ്റെ ഒരു വീഡിയോ ദൃശ്യം എക്സിൽ പങ്കുവെച്ചുകൊണ്ട്, ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്താണെന്നും എന്നാൽ ഇന്ത്യ ഇതിൽ വളരെ പിന്നിലാണെന്നും ആ മാധ്യമപ്രവർത്തകൻ കുറിച്ചിരുന്നു.
എന്നാൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തകർക്ക് വസ്തുതകൾ നിരത്തിയാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ് മറുപടി നൽകിയത്.
#WATCH | Oslo, Norway | MEA Secretary (West) Sibi George says, "…We are one sixth of the total population of the world, but not one sixth of the problems of the world. We have a constitution which guarantees the fundamental rights of the people. We have equal rights for the… pic.twitter.com/ulAOOzkA7J
— ANI (@ANI) May 18, 2026
കേരളത്തിലെ കോട്ടയം ജില്ല സ്വദേശിയായ സിബി ജോർജ് ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങളിൽ സ്വർണ്ണ മെഡൽ ജേതാവാണ്. കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി, ഐ.ഐ.എം അഹമ്മദാബാദ്, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസിലെ മികച്ച സേവനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന 2014-ലെ പ്രശസ്തമായ ‘എസ്.കെ സിംഗ് അവാർഡ് ഫോർ എക്സലൻസ്’ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1993 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കുവൈറ്റ്, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചില “അറിവില്ലാത്ത എൻ.ജി.ഒകളുടെ” അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ വായിച്ചാണ് വിദേശ മാധ്യമങ്ങൾ ഇന്ത്യയെ വിലയിരുത്തുന്നതെന്ന് സിബി ജോർജ് തുറന്നടിച്ചു. ഇത്തരം റിപ്പോർട്ടുകൾ വെറും അജണ്ടകളുടെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ നൂറുകണക്കിന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും പൂർണ്ണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ 5,000 വർഷത്തെ പാരമ്പര്യമുള്ള വലിയൊരു ജനാധിപത്യ രാജ്യമാണ്. ജനങ്ങൾക്ക് വോട്ടവകാശത്തിലൂടെ സർക്കാർ മാറ്റാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ മനുഷ്യാവകാശം. ഭരണഘടന നൽകുന്ന അവകാശങ്ങൾ ആർക്കെങ്കിലും നിഷേധിക്കപ്പെട്ടാൽ അവർക്ക് സ്വതന്ത്ര കോടതികളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് വാക്സിനും മരുന്നുകളും എത്തിച്ച് ലോകത്തെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യ മൂല്യങ്ങളെയും ഭയമില്ലാതെ പ്രതിരോധിച്ച സിബി ജോർജിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Sibi George gives an account to the Norwegian media; Malayali diplomat defends India on foreign soil















