റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് യുഎസ് നീട്ടി: 24 മണിക്കൂറിനുള്ളിൽ ട്രംപിൻ്റെ അപ്രതീക്ഷിത നിലപാട് മാറ്റം, ഇന്ത്യക്ക് വലിയ ആശ്വാസം

വാഷിംഗ്ടൺ: അന്താരാഷ്ട്ര എണ്ണ വിപണിയെയും നയതന്ത്ര ലോകത്തെയും അമ്പരപ്പിച്ചു കൊണ്ട്, റഷ്യൻ കടൽമാർഗ്ഗ എണ്ണക്കപ്പലുകൾ വാങ്ങുന്നതിനുള്ള ഉപരോധ ഇളവ് ഡോണൾഡ് ട്രംപ് ഭരണകൂടം 30 ദിവസത്തേക്ക് കൂടി നീട്ടി. ഇളവ് ഇനി നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പ്രഖ്യാപിച്ച് കൃത്യം 24 മണിക്കൂറിനുള്ളിലാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത യു-ടേൺ. യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റിൻ്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ഇതുസംബന്ധിച്ച പുതിയ പൊതു ലൈസൻസ് 134C പുറത്തിറക്കി.

ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിലും ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനാലും ആഗോള വിപണിയിൽ ഇന്ധനവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ റഷ്യൻ എണ്ണ വിപണിയിൽ എത്തേണ്ടത് അനിവാര്യമാണെന്ന് യുഎസ് തിരിച്ചറിഞ്ഞതാണ് നിലപാട് മാറ്റത്തിന് കാരണം. ഊർജ്ജ പ്രതിസന്ധി നേരിടുന്ന നിർധന രാജ്യങ്ങൾക്ക് ഈ എണ്ണ ലഭ്യമാക്കുന്നതിലൂടെ, ചൈന കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വൻതോതിൽ സംഭരിക്കുന്നത് തടയാൻ സാധിക്കുമെന്ന് ട്രഷറി സെക്രട്ടറി വ്യക്തമാക്കി.

ഉപരോധം കർശനമാക്കിയാൽ ഏപ്രിൽ 17-ന് മുൻപ് കപ്പലുകളിൽ കയറ്റി നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന കോടിക്കണക്കിന് ബാരൽ എണ്ണ വിതരണം തടസ്സപ്പെടുമായിരുന്നു. ഇത് ഒഴിവാക്കാനാണ് ജൂൺ 17 വരെ പുതിയ ഇളവ് അനുവദിച്ചത്. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ഇൻഡോനേഷ്യയ്ക്കും യുഎസിൻ്റെ ഈ പിന്മാറ്റം വലിയ ആശ്വാസമാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇളവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. പുതിയ ഉത്തരവോടെ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് സുരക്ഷിതമായി റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് തുടരാം. എന്നാൽ ഇറാൻ, നോർത്ത് കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ ഇളവ് ബാധകമല്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

US extends sanctions waiver for Russian oil: Trump’s unexpected change of stance within 24 hours, a big relief for India

More Stories from this section

family-dental
witywide