2 പതിറ്റാണ്ട് അമേരിക്ക തേടിയ ‘മോസ്റ്റ് വാണ്ടഡ്’ പിടികിട്ടാപ്പുള്ളി, ഒടുവിൽ പിടിവീണത് പൊലീസ് ഉദ്യോഗസ്ഥനായി മെക്സിക്കോയിൽ ജോലി ചെയ്യവേ!

വാഷിംഗ്ടൺ: അമേരിക്കൻ പൊലീസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം തേടിയ ‘മോസ്റ്റ് വാണ്ടഡ്’ പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. 20 വർഷങ്ങൾക്ക് മുമ്പ് ഒഹായോയിൽ വെടിവപ്പ് നടത്തിയ ശേഷം മുങ്ങിയ മെക്സിക്കൻ പൗരനായ അന്‍റോണിയോ എൽ ഡയാബ്ലോ റിയാനോയെന്ന പ്രതിയെ ആണ് ഇപ്പോൾ പിടികൂടിയത്. അന്‍റോണിയോ എൽ ഡയാബ്ലോ റിയാനോയെ കഴിഞ്ഞ 20 വർഷമായി ‘മോസ്റ്റ് വാണ്ടഡ്’ പിടികിട്ടാപ്പുള്ളിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കൻ പൗരനായ ഇയാൾ മെക്‌സിക്കോയിൽ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലായിത്.

2004 ൽ ഒഹായോയിലെ ഒരു ബാറിന് പുറത്ത് നടന്ന മാരകമായ വെടിവെപ്പ് കേസിലെ പ്രതിയായിരുന്നു അന്‍റോണിയോ എൽ ഡയാബ്ലോ റിയാനോ. കേസിന് പിന്നാലെ മുങ്ങിയ റിയാനോയെ കഴിഞ്ഞ 20 വർഷമായി അമേരിക്ക തേടുകയായിരുന്നു. ഒടുവിൽ വ്യാഴാഴ്ചയാണ് ഇയാൾക്ക് പിടിവീണത്. മെക്സിക്കോ സിറ്റിയിൽ പിടിയിലായ പ്രതിയെ യു എസ് മാർഷലുകൾക്ക് കൈമാറിയിട്ടുണ്ട്. മെക്‌സിക്കോയിൽ വെച്ച് റിയാനോയെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം ഒരു ലോക്കൽ പൊലീസ് ഓഫീസറായി ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്ന് യുഎസ് മാർഷൽസ് സർവീസ് വ്യക്തമാക്കി.

ഒഎച്ചിലെ ഹാമിൽട്ടണിലെ റൌണ്ട് ഹൗസ് ബാറിൽ 25 കാരനായ ബെഞ്ചമിൻ ബെക്കാരയെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാനോ. അമേരിക്കയിൽ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട റിയാനോ പക്ഷേ പൊലീസിന് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. 20 വർഷത്തിന് ശേഷം പിടിയിലായ 72 കാരനായ റിയാനോയെ സിൻസിനാറ്റിയിലേക്ക് കൊണ്ടുപോയി.