അമേരിക്കയുടെ ഏത് നീക്കം നേരിടാനും സജ്ജമെന്ന് ഇറാൻ; യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യത

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദി. യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ നീക്കം. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.അതേസമയം, ഇറാന്റെ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണ്. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടര്‍ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികളെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. യുദ്ധം തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തില്‍ ഇത്തരമൊരു പരാമര്‍ശം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡന്റിന് സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെടാൻ കഴിയുക.

Iran ready to face any move by the US; War likely to start again