
ഫ്ലോറിഡ : നിരവധി സ്കൂളുകളിലും ഭരണസിരാ കേന്ദ്രങ്ങളിലും വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് പതിവാക്കിയ 11 വയസ്സുകാരൻ പിടിയിൽ. വെർജീനയിൽ നിന്നുള്ള ഈ കുട്ടി 20ൽ പരം വ്യാജ ബോംബ് – ഷൂട്ടിങ് ഭീഷണികൾ മുഴുക്കി നിരവധി പൊതു ഇടങ്ങളിലേക്ക് ഫോൺ ചെയ്തിരുന്നു. അധികവും സ്കൂളുകൾക്കായിരുന്നു ഭീഷണി.
സ്കൂൾ വർഷം പുനരാരംഭിക്കുന്നതിന് മുമ്പ് വിളിച്ചയാളെ കണ്ടെത്താൻ അധികൃതർ കഠിനമായി പരിശ്രമിച്ചതായി ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് റിക്ക് സ്റ്റാലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“ഈ കുട്ടിയുടെ പെരുമാറ്റം നിയന്ത്രണം വിട്ട് ആരെയെങ്കിലും ഉപദ്രവിക്കുന്നതിനു മുമ്പ് ഞങ്ങൾക്ക് അവനെ ലഭിച്ചതിൽ സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.
മെയ് 14 ന് ബഡ്ഡി ടെയ്‌ലർ മിഡിൽ സ്‌കൂളിൽ ബോംബ് ഭീഷണി ലഭിച്ചതായി ഫ്ലാഗ്ലർ കൗണ്ടി എമർജൻസി സർവീസുകൾക്ക് അറിയിപ്പു കിട്ടി. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ ഭീഷണികൾ ഉണ്ടായി. പൊലീസ് അന്വേഷണത്തിൽ വിർജീനിയയിലെ ഹെൻറിക്കോ കൗണ്ടിയിലെ ഒരു വീട്ടിൽ നിന്നാണ് പല വിളികളും വന്നിരിക്കുന്നത് എന്നു പൊലീസ് കണ്ടെത്തി. ആ വീട്ടിൽ തിരച്ചിൽ നടത്തി. അവിടെ താമസിച്ചിരുന്ന 11 വയസ്സുള്ള ആൺകുട്ടിയാണ് ഇതു ചെയ്തതെന്ന് അവൻ കുറ്റസമ്മതം നടത്തി.
ഫ്ലോറിഡയിലേക്ക് വിളിച്ചതായും മേരിലൻഡ് സ്റ്റേറ്റ് ഹൗസിന് ഭീഷണിപ്പെടുത്തിയതായും അവൻ സമ്മതിച്ചു. നെബ്രാസ്ക, കൻസാസ്, അലബാമ, ടെന്നസി, അലാസ്ക എന്നിവിടങ്ങളിലേക്കും കുട്ടി കോളുകൾ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. കുട്ടിയെ വിർജീനിയ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.
An 11 year-old boy is found Guilty with making swatting calls to schools













