
കെയ്റോ: ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ ഒരു പ്രാദേശിക ഹമാസ് കമാന്‍ഡര്‍ ഉള്‍പ്പെടെ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം ഇസ്രയേല്‍ നടത്തിയത്.
വെസ്റ്റ്ബാങ്ക് വ്യോമാക്രമണങ്ങളില്‍ ആദ്യത്തേത് തുല്‍ക്കറം നഗരത്തിനടുത്തുള്ള ഒരു പട്ടണത്തില്‍ ഒരു വാഹനത്തിനു നേരെയായിരുന്നു. ആക്രമണം നടത്താന്‍ പോകുകയായിരുന്ന ഒരു തീവ്രവാദി ഗ്രൂപ്പിനു നേരെയായിരുന്നു ഇതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തങ്ങളുടെ തുല്‍ക്കറം ബ്രിഗേഡുകളുടെ കമാന്‍ഡറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മരിച്ച മറ്റ് നാല് പേര്‍ തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് ജിഹാദും അവകാശപ്പെട്ടിട്ടുണ്ട്
മണിക്കൂറുകള്‍ക്ക് ശേഷം, പ്രദേശത്ത് രണ്ടാമത്തെ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ നാലുപേരെ കൊലപ്പെടുത്തിയിരുന്നു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ രണ്ട് ആക്രമണങ്ങളിലായി കൊല്ലപ്പെട്ട ഒമ്പത് പേര്‍ തങ്ങളുടെ പോരാളികളാണെന്ന് ഹമാസ് പറഞ്ഞു.
അതേസമയം, ഹമാസ് ഗ്രൂപ്പിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ മുഖമായിരുന്ന ഇസ്മായില്‍ ഹനിയയുടെ തെഹ്റാനിലെ കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഹമാസ് ആരംഭിച്ചിട്ടുണ്ട്. ഇറാനും ഹമാസും ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഹനിയേയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.















