
വാഷിംഗ്ടൺ/റോം: ജി7 ഉച്ചകോടിയിലെ ഫോട്ടോ വിവാദത്തിന് പിന്നാലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായുള്ള വ്യക്തിപരമായ തർക്കം വീണ്ടും പരസ്യമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച ഒരു പോസ്റ്റിലാണ് ട്രംപ് ഇറ്റാലിയൻ പ്രധാനമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയത്.
TRUMP: Posts image reading "RESTRAINING ORDER NEEDED" over Trump and Giorgia Meloni photo pic.twitter.com/D61h4J5yWt
— Trump Truths (@trumptruthsbot) July 5, 2026
അടുത്തിടെ ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിക്കിടെ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച ട്രംപ്, അതിന് മുകളിലായി “നിയന്ത്രണ ഉത്തരവ് ആവശ്യമുണ്ട്” എന്ന് കുറിക്കുകയായിരുന്നു. മെലോണിക്കെതിരെ നിയമപരമായ നിയന്ത്രണ ഉത്തരവാണ് താൻ ഉദ്ദേശിച്ചതെന്ന് ട്രംപ് നേരിട്ട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയും രാഷ്ട്രീയ നിരീക്ഷകരും ഈ രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ജി7 ഉച്ചകോടിയിൽ ട്രംപിനൊപ്പം ഒരു ചിത്രത്തിനായി മെലോനി “കെഞ്ചി” എന്ന ട്രംപിൻ്റെ മുൻ അവകാശവാദത്തെ പരിഹസിക്കുന്നതാണ് പുതിയ പോസ്റ്റെന്നാണ് സൂചന.
ട്രംപിൻ്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ജോർജിയ മെലോണി ശക്തമായി തിരിച്ചടിച്ചു. യുഎസ് പ്രസിഡൻ്റിൻ്റെ പെരുമാറ്റത്തിൽ താൻ അമ്പരന്നുപോയെന്നും മെലോനി വ്യക്തമാക്കി.”പടിഞ്ഞാറൻ രാജ്യങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെയും യഥാർത്ഥ ശത്രുക്കളായ നേതാക്കളോട് ട്രംപ് കാണിക്കുന്ന ഇണക്കവും മൃദുസമീപനവും സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നില്ല എന്നത് നാണക്കേടാണ്. ട്രംപ് ഒരു കാര്യം ഓർക്കണം, ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ കെഞ്ചാറില്ല,” മെലോണി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള തർക്കം യുഎസ്-ഇറ്റലി നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ട്രംപിൻ്റെ മോശം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി കഴിഞ്ഞ മാസം നടത്താനിരുന്ന യുഎസ് സന്ദർശനം റദ്ദാക്കിയിരുന്നു. മുൻപ് ട്രംപിൻ്റെ ശക്തമായ പിന്തുണക്കാരിയായിരുന്ന മെലോണി, അന്താരാഷ്ട്ര വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രംപിൻ്റെ കടുത്ത വിമർശകയായി മാറിയിരിക്കുകയാണ്.
Trump clashes with Meloni again; Social media post calls for ‘restraining order’, controversy erupts















