ഫോമയെ നയിക്കാൻ ഇനി ബേബി മണക്കുന്നേൽ; പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പുന്റകാന: ഫോമാ കണ്‍വന്‍ഷന്‍ ബാങ്ക്വറ്റില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഭരണഘടനയെ മാത്രം മുറുകെപിടിച്ചാണ് തങ്ങള്‍ മുന്നോട്ട് പോയതെന്ന് മുഖ്യ ഇലക്ഷന്‍ കമ്മിഷണര്‍ ബേബി ഊരാളില്‍ പറഞ്ഞു. മാത്യു ചെരുവില്‍, അനു സ്‌കറിയ എന്നീ ഇലക്ഷന്‍ കമ്മിഷണര്‍മാരും സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി.

സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ തങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. അമേരിക്കയുടെ എല്ലാ ഭാഗത്തും തങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായെന്നും മാസങ്ങള്‍ക്ക് മുമ്പ് തന്നെ 70 ശതമാനം പിന്തുണ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് നടന്നപ്പോള്‍ അത് 80 ശതമാനമായി വര്‍ദ്ധിച്ചു. അടുത്ത കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ ഏറ്റവും മനോഹരമായി നടത്തുകയും അവിടെ എല്ലാവര്‍ക്കും ഒത്തുകൂടുകയും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ റീജിയണുകളേയും സംഘടിപ്പിച്ചു കൊണ്ട് ഫലപ്രദമായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പ്രസ്താവിച്ചു.

ഫോമയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് സ്ഥാനമൊഴിയുന്ന ഫോമാ പ്രസിഡന്റ് ഡോ . ജേക്കബ് തോമസ് അറിയിച്ചു. ഇപ്പോള്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും . തുടര്‍ന്ന് ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് കോശി, കോ- ചെയര്‍ ചാക്കോ കോയിക്കലേട്ട്, കമ്മിറ്റിയംഗങ്ങളായ ലൂക്കോസ് പൈനുങ്കല്‍, മേഴ്‌സി സാമുവല്‍, വില്‍സണ്‍ ഊഴത്തില്‍, ലാലി കളപ്പുരയ്ക്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആയിരത്തിലധികം കാണികള്‍ പങ്കെടുത്ത വിപുലമായ ബാങ്ക്വറ്റോടുകൂടി നടന്ന സമാപന പരിപാടികള്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ മുന്‍ മന്ത്രി അഡ്വ. മോന്‍സ് ജോസഫ് എം. എല്‍. എ, അഡ്വ. മാത്യു കുഴല്‍നാടന്‍ എന്നിവര്‍ വിതരണം ചെയ്തു.

ഫോമയുടെ സ്ഥാപകനായ ശശിധരന്‍ നായരെ മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ, ജോര്‍ജ് മാത്യു, ബേബി ഊരാളില്‍ എന്നിവരെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആദരിച്ചു. മുന്‍ പ്രസിഡന്റുമാരായ ഫിലിപ്പ് ചാമത്തില്‍, അനിയന്‍ ജോര്‍ജ്ജ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരെ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി ആദരിച്ചു. സാജ് ഗ്രൂപ്പ് ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ്, ചലച്ചിത്ര സംവിധായകന്‍ കെ. മധു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ് മാലിയില്‍, ഫോമാ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജെയിംസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രൗഢഗംഭീരമായ കലാസന്ധ്യ നടന്നു.