‘അതൊരു ബഹുമതിയായിരിക്കും’; വിവാദത്തിൽപ്പെട്ട എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെ തൻ്റെ കമ്പനിയിലേക്ക് സ്വാഗതം ചെയ്ത് ഇലോൺ മസ്ക്

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുടെയും ചൈനീസ് ചാരവൃത്തി ആരോപണങ്ങളുടെയും പേരിൽ പുറത്താക്കൽ ഭീഷണി നേരിടുന്ന എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ തന്റെ കമ്പനിയിൽ നിയമിക്കാൻ തയ്യാറാണെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്ക്. എൻവിഡിയ ബോർഡ് ഹുവാങ്ങിനെ സ്ഥാനത്തുനിന്ന് നീക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മസ്കിന്റെ ഈ നിർണ്ണായക പ്രതികരണം.

കരിയറിൽ പ്രതിസന്ധി നേരിടുന്ന ഹുവാങ്ങിനെ ജോലിക്കെടുക്കാൻ ഒരു ഉപയോക്താവ് സമൂഹമാധ്യമമായ എക്സിലൂടെ മസ്കിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായി “അതൊരു ബഹുമതിയായിരിക്കും” എന്നാണ് ശതകോടീശ്വരനായ മസ്ക് കുറിച്ചത്.

രണ്ട് വിവാഹേതര ബന്ധങ്ങൾ പുറത്തുവന്നതോടെയാണ് പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സഹസ്ഥാപകൻ കൂടിയായ 63-കാരൻ ജെൻസൻ ഹുവാങ് കടുത്ത സമ്മർദ്ദത്തിലായത്.

സിംഗപ്പൂർ ആസ്ഥാനമായുള്ള ‘മെഗാസ്പീഡ്’ എന്ന ഡാറ്റാ സെന്റർ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ്ങുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ജെൻസൻ ഹുവാങ് നേരത്തെ സമ്മതിച്ചിരുന്നു. 2024-ലും 2025-ലും തായ്‌പേയിൽ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആലീസ് ഹുവാങ് ചൈനയുടെ സുരക്ഷാ മന്ത്രാലയത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചാരയാണെന്ന് യുഎസ് ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് കീഴുദ്യോഗസ്ഥയുമായുള്ള ഹുവാങ്ങിന്റെ രണ്ടാമത്തെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്. എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റായ 48-കാരി കിംബർലി പവലുമായി ഹുവാങ്ങിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഒരു കോൺഫറൻസിനിടെ ഹോട്ടലിൽ വെച്ച് ഇരുവരും അടുത്തിടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയുടെ സാങ്കേതികവിദ്യ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രധാന മുഖമാണ് കിംബർലി പവൽ.

ആഗോള ടെക് ലോകത്തെ പിടിച്ചുലയ്ക്കുന്ന ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൻവിഡിയ എടുക്കുന്ന തീരുമാനം എന്തായിരിക്കുമെന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

Elon Musk welcomes Nvidia CEO Jensen Huang, who is embroiled in controversy.

More Stories from this section

family-dental
witywide