ചാരവൃത്തി ആരോപണം സാങ്കേതിക ഉപരോധത്തിന് അമേരിക്കയുടെ മറയെന്ന് ചൈന

ചാരവൃത്തി ആരോപണങ്ങൾ ചൈനയ്ക്കെതിരായ സാങ്കേതിക ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രമാണെന്ന് ചൈന. എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ചൈനീസ് ചാരസംഘത്തിന്റെ ലക്ഷ്യമായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബെയ്ജിങ്ങിന്റെ പ്രതികരണം. ചൈനയുടെ സാങ്കേതിക മുന്നേറ്റം സ്വന്തം കണ്ടുപിടിത്തങ്ങളിലൂടെയും തുറന്ന സഹകരണത്തിലൂടെയുമാണെന്ന് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. സാങ്കേതിക ഉപരോധം ഏർപ്പെടുത്താനുള്ള മറയായി ചാരവൃത്തി ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എൻവിഡിയയുടെ സഹസ്ഥാപകനായ ജെൻസൻ ഹുവാങ്, എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ചിപ്പുകളുടെ ലോകത്തെ മുൻനിര വിതരണക്കാരാക്കി കമ്പനിയെ വളർത്തിയ വ്യക്തിയാണ്. ആലീസ് ഹുവാങ് എന്ന യുവതിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിന്റെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ സംശയം.

ചൈനയിലേക്കുള്ള നൂതന ചിപ്പുകളുടെ വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് ജെൻസൻ ഹുവാങ് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, എഐ സാങ്കേതികവിദ്യയിൽ ചൈന മുന്നിലെത്തുമെന്ന ആശങ്ക ഉയർത്തി അമേരിക്കയിലെ ഇരുപാർട്ടികളിലെയും ചില നേതാക്കൾ ചിപ്പ് കയറ്റുമതിയെ എതിർത്തിരുന്നു. എന്നാൽ എൻവിഡിയ മേധാവിക്കെതിരായ ചാരവൃത്തി ആരോപണങ്ങൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ബെയ്ജിങ് പ്രതികരിച്ചു.

അടുത്തയാഴ്ച തെക്കൻ ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ വിവാദം.

China says US using spy claims to justify technology ‘blockade

More Stories from this section

family-dental
witywide