ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെ, ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയുമായി നേരിട്ട് ചർച്ച നടത്താൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബറിൽ കൂടിക്കാഴ്ചയ്ക്ക് സമയം തേടി വാൻസ് റെസായിക്ക് കത്തയച്ചതായാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. മധ്യസ്ഥരും മേഖലയിലെ സഖ്യരാജ്യങ്ങളും വഴിയാണ് ഇരുരാജ്യങ്ങളും ഇപ്പോഴും ആശയവിനിമയം നടത്തുന്നത്.
ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ വാൻസിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലും പങ്കാളികളായ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫിനെയും ജാരെഡ് കുഷ്നറെയും അപേക്ഷിച്ച് ഇറാൻ വിഷയത്തിൽ വാൻസാണ് ഇപ്പോൾ കൂടുതൽ സജീവമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത ഘട്ട ചർച്ചകൾക്ക് ഖത്തർ വേദിയായേക്കും. തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാൻസ് പിന്നീട് ട്രംപുമായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
എന്നാൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇറാൻ കടുത്ത നിബന്ധനകളാണ് മുന്നോട്ടുവയ്ക്കുന്നത്. അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുകയും എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തുകയും വേണമെന്നാണ് ഇറാന്റെ ആവശ്യം. ഇറാന്റെ ആവശ്യങ്ങൾ യാഥാർഥ്യവിരുദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. നിലപാടിൽ മാറ്റം വരുത്തിയാൽ നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വളർത്തുന്നതിനായി അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ കൂടുതൽ അകറ്റിനിർത്തുക, ഇറാന്റെ തുറമുഖങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ
നിർദേശങ്ങൾ മധ്യസ്ഥർ മുന്നോട്ടുവച്ചിട്ടുണ്ട്. പകരമായി 25 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിക്കണമെന്നാണ് നിർദേശം. എന്നാൽ കരാറിലെത്താനാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. ട്രംപ് വീണ്ടും ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുമെന്ന ആശങ്ക ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുണ്ട്. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ അഹമ്മദ് വാഹിദി ചർച്ചകൾ അട്ടിമറിച്ചേക്കാമെന്നും മേഖലയിൽ ആശങ്കയുണ്ട്.
അതേസമയം, ചർച്ചകൾ നടക്കുമെന്ന റിപ്പോർട്ടുകൾ സാങ്കൽപ്പികമാണെന്ന് റെസായി വിശേഷിപ്പിച്ചു. സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ ഇറാനിൽനിന്ന് പുറത്തേക്ക് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കണോ അതോ നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും തുടരണമോ എന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം തീരുമാനമെടുക്കുന്നതിനിടെയാണ് പുതിയ നീക്കം. സാമ്പത്തിക സമ്മർദം ഫലം കാണുന്നുണ്ടെന്നും ഉടൻ വലിയ സൈനിക നടപടി ആവശ്യമില്ലെന്നും റൂബിയോ ചൊവ്വാഴ്ച പറഞ്ഞു.
എന്നാൽ ഇറാൻ നിശ്ചയിച്ചിരിക്കുന്ന ചുവപ്പുരേഖകൾ ലംഘിച്ചാൽ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമേലുള്ള സമ്മർദം തുടരണമെന്നാണ് റൂബിയോയുടെയും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുടെയും നിലപാടെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വീണ്ടും ചർച്ചകൾക്ക് തിടുക്കം കാണിക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും അഭിപ്രായം.
Vance considers direct talks with top Iranian security official, as Washington weighs ‘unrealistic’ peace demands












