സമ്പന്നരുടെ നികുതി ഉയർത്താൻ ജോ ബൈഡൻ; ട്രംപ് നടപ്പിലാക്കിയ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കും

വാഷിങ്ടൺ: യുഎസിലെ സമ്പന്നരായ ആളുകളുടെ നികുതി ഉയർത്താൻ ഒരുങ്ങി പ്രസിഡന്റ് ജോ ബൈഡൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും പ്രസിഡന്റ് ആയാൽ, മുൻ പ്രസിഡന്റ് ഡൊളാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതിയിളവുകൾ എടുത്തുകളയുമെന്ന് ബൈഡൻ വ്യക്തമാക്കി.

2017ൽ ട്രംപ് ഏർപ്പെടുത്തിയ നികുതിയിളവിന്റെ കാലാവധി 2025 അവസാനത്തോടെ അവസാനിക്കും. അവ നീട്ടണോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ ഇരു കക്ഷികളും തമ്മിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. നികുതിയിളവ് തുടർന്നാൽ അടുത്ത 10 വർഷത്തിനുള്ളിൽ 3.3 ട്രില്യൺ ഡോളർ കടമുണ്ടാകുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു. നികുതിയിളവുകൾ നിലനിർത്താൻ റിപ്പബ്ലിക്കൻമാർ ആഗ്രഹിക്കുന്ന സമയത്ത് ഉയർന്ന വരുമാനക്കാരുടെ നികുതി ഉയർത്താനുള്ള നീക്കത്തെയാണ് ഡെമോക്രാറ്റുകൾ പിന്തുണയ്ക്കുന്നത്. വൈറ്റ് ഹൗസിലെയും കോൺഗ്രസിലെയും വിജയികളായിരിക്കും ഫലം തീരുമാനിക്കുക.

400,000 ഡോളറിന് മുകളിലുള്ള വരുമാനമുള്ളവർക്ക് ട്രംപ് ഏർപ്പെടുത്തിയ നികുതി ഇളവുകൾ അവസാനിപ്പിക്കുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്യുന്നു. അതേസമയം കുറവ് വരുമാനമുള്ളവർക്ക് നികുതി വർദ്ധിപ്പിക്കില്ലെന്നും പ്രസിഡന്റ് ഉറപ്പ് നൽകി.

“ട്രംപ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, തൊഴിലാളി കുടുംബങ്ങളുടെ ചെലവിൽ ട്രംപിനും അദ്ദേഹത്തിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്കും അദ്ദേഹം നികുതി വെട്ടിക്കുറയ്ക്കും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,” ബൈഡൻ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ പറഞ്ഞു.