
പ്രസിഡൻ്റ് ജോ ബൈഡൻ്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ അമേരിക്കയിലെ മധ്യമവർഗത്തിന് ആശ്വസിക്കാൻ വക നൽകുന്ന പ്രഖ്യാപനങ്ങൾ. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേത് എന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.
മന്ദീഭവിച്ചിരുന്ന യുഎസ് ഭവന വിപണിയെ ഉണർത്താനുള്ള ചില പുതിയ തീരുമാനങ്ങളാണ് ബൈഡൻ പ്രഖ്യാപിച്ചത്. വീടിൻ്റെ വില ലഘൂകരിക്കുന്നതിനും ഭവന വിപണിയെ ഉത്തേജിപ്പിക്കുന്നതിനുമായി ചില ടാക്സ് ക്രെഡിറ്റുകൾ ബൈഡൻ മുന്നോട്ടു വച്ചിരിക്കുകയാണ്.
ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ മോർട്ട്ഗേജിലേക്ക് 5,000 ഡോളർ ടാക്സ് ക്രെഡിറ്റ് നൽകുമെന്നതാണ് ആദ്യ നിർദേശം.
കൂടാതെ, തങ്ങളുടെ ആദ്യത്തെ വീട് വിൽക്കുന്ന കുടുംബങ്ങൾക്ക് 10,000 ഡോളർ ടാക്സ് ക്രെഡിറ്റും വൈറ്റ് ഹൗസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഈ നടപടി ഭവന വിപണിയിലെ നീക്കങ്ങളെ സുഗമമാക്കുമെന്ന് കരുതുന്നു.
എന്നാൽ ആദ്യമായി വീടു വാങ്ങുന്നവർക്ക് 5000 ഡോളർ ടാക്സ് ക്രെഡിറ്റ് എന്നത് വലിയ തുക അല്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഫെഡറൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയതിന് ശേഷം 30 വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് 6.88% ആയി ഉയർന്നിട്ടുണ്ട്. ഫെഡറൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയതിന് മുമ്പ് 30 വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്ക് 3.76% ആയിരുന്നു.
പണപ്പെരുപ്പം കുറയുന്നത് തുടരുകയാണെങ്കിൽ, മോർട്ട്ഗേജ് നിരക്കുകളും കുറയുമെന്നാണ് ബൈഡൻ പറയുന്നത്. എന്നാൽ ഇപ്പോൾ ആ സ്ഥിതി ഇല്ല. താൻ അധികാരത്തിലെത്തുമ്പോൾ വളരെ പരിതാപകരമായ ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു അമേരിക്കയുടേത് എന്നും ഇപ്പോൾ അതിൽ നിന്നും കരകയറി അസൂയവഹമായ നേട്ടം കൈവരിച്ചിരിക്കുകയാണെന്നും ബൈഡൻ അവകാശപ്പെട്ടു.
Biden’s new proposals for homebuyers















