
വാഷിംഗ്ടണ്‍: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച പുതുക്കിയ കുറ്റപത്രത്തിലെ കാര്യങ്ങള്‍ അംഗീകരിക്കാതെ ട്രംപ്. ട്രംപ്, വാഷിംഗ്ടണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച ഒരു ഫയലിംഗില്‍, കുറ്റാരോപണങ്ങളെ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഡെമോക്രാറ്റ് പ്രസിഡന്റായി വിജയിച്ച ജോ ബൈഡനോട് പരാജയപ്പെട്ടതോടെ, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ട്രംപിനെതിരെ പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിലെ ആരോപണങ്ങളോടാണ് ട്രംപ് മുഖം തിരിച്ചത്. കേസില്‍ കുറ്റക്കാരനല്ലെന്ന് വാദിക്കുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ട്രംപ് വ്യക്തമാക്കി.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ട്രംപിനെതിരായ ആരോപണം മയപ്പെടുത്തി ഓഗസ്റ്റിലാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍പ്രസിഡന്റെന്ന നിലയില്‍ തിരഞ്ഞെടുപ്പു നടത്തിപ്പില്‍ പിഴവുകള്‍ സംശയിച്ചു ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നത ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്കു കത്തയയ്ക്കാന്‍ നീക്കം നടത്തിയതുവഴി ആ വകുപ്പിന്റെ നിയമനടത്തിപ്പ് അധികാരം ദുരുപയോഗം ചെയ്യാന്‍ ട്രംപ് ശ്രമിച്ചെന്ന പഴയ കുറ്റപത്രത്തിലെ ആരോപണഭാഗമാണ് പ്രധാനമായും നീക്കിയത്. മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് വിശാലമായ പ്രതിരോധം ഉണ്ടെന്ന് അടുത്തിടെയുള്ള സുപ്രീം കോടതി വിധി കണക്കിലെടുത്താണ് കുറ്റപത്രം മയപ്പെടുത്തിയത്.
അതേസമയം, 78 കാരനായ ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിചാരണ വൈകിപ്പിക്കാനാണ് ട്രംപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.














