സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന എണ്ണ ടെർമിനലിൽ ആക്രമണം നടത്തി യുക്രെയ്ൻ; പ്രധാന നാവികതാവളവും ലക്ഷ്യമിട്ടെന്ന് അവകാശവാദം

കീവ്: റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന എണ്ണ ടെർമിനലിൽ യുക്രൈൻ ഡ്രോൺ ആക്രമണം. റഷ്യയുടെ യുദ്ധത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന നിർണായക അടിസ്ഥാനസൗകര്യമാണ് ലക്ഷ്യമിട്ടതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. നഗരത്തിന് നേരെ വൻതോതിൽ ഡ്രോൺ ആക്രമണമുണ്ടായതായി സെന്റ് പീറ്റേഴ്‌സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. എണ്ണ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രോൺസ്റ്റാഡിലുള്ള റഷ്യയുടെ ബാൾട്ടിക് ഫ്ലീറ്റിന്റെ പ്രധാന നാവികതാവളവും ആക്രമിച്ചതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച് റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റഷ്യയുടെ എണ്ണ-വാതക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ സമീപകാലത്ത് ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ 43 ശതമാനത്തോളം പ്രവർത്തനരഹിതമാക്കിയെന്നാണ് യുക്രൈന്റെ അവകാശവാദം. എന്നാൽ ഇത് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

സെന്റ് പീറ്റേഴ്‌സ്ബർഗും സമീപപ്രദേശങ്ങളും യുക്രൈൻ അതിർത്തിയിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ അകലെയാണെന്ന് സെലൻസ്കി പറഞ്ഞു. ആക്രമണത്തിന് പിന്നാലെ എണ്ണ ടെർമിനലിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, സെന്റ് പീറ്റേഴ്‌സ്ബർഗിനും ലെനിൻഗ്രാഡ് മേഖലയ്ക്കും മുകളിലായി 72 യുക്രൈൻ ഡ്രോണുകൾ തകർത്തതായി റഷ്യ അറിയിച്ചു. ഡ്രോൺ ഭീഷണി തുടരുന്നതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ഇതിനിടെ, കിഴക്കൻ യുക്രൈനിലെ കോസ്റ്റ്യാന്റിനിവ്ക നഗരം റഷ്യയുടെ പൂർണ നിയന്ത്രണത്തിലാണെന്ന പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അവകാശവാദം യുക്രൈൻ തള്ളി. നഗരം ഇപ്പോഴും യുക്രൈൻ സേനയുടെ നിയന്ത്രണത്തിലാണെന്നും റഷ്യൻ സൈന്യത്തിന്റെ ചെറിയ നുഴഞ്ഞുകയറ്റങ്ങൾ ചെറുത്തുതോൽപ്പിക്കുന്നുണ്ടെന്നും യുക്രൈൻ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രിയും പുലർച്ചെയും യുക്രൈൻ തൊടുത്തുവിട്ട 500-ലധികം ഡ്രോണുകളും മിസൈലുകളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യയിലെ സാധാരണ ജനങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Ukraine hits major oil terminal in Russia’s St Petersburg

More Stories from this section

family-dental
witywide