വിര്‍ജിനിയയില്‍ റിച്ച്മണ്ടില്‍ ആദ്യമായി ഇന്ത്യന്‍ – അമേരിക്കന്‍ മേയര്‍, ചരിത്രം കുറിച്ച് ഡോ. ഡാനി അവുല

വിര്‍ജിനിയ: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം വിര്‍ജിനിയയില്‍ റിച്ച്മണ്ട് നഗരത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ – അമേരിക്കന്‍ ഡോക്ടര്‍ ഡാനി അവുല. റിച്ച്മണ്ട് നഗരത്തിലെ ആദ്യ ഏഷ്യന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡോക്ടര്‍ ഡാനി അവുല.

ഔദ്യോഗിക ഫലങ്ങള്‍ എത്തിയിട്ടില്ലെങ്കിലും എതിരാളികളെല്ലാം തോല്‍വി സമ്മതിച്ച തിരഞ്ഞെടുപ്പില്‍ ഡോ. ഡാനിക്ക് ഏകദേശം 20,000 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. റിച്ച്മണ്ടില്‍ കറുത്ത വര്‍ഗക്കാരന്‍ അല്ലാത്ത മേയര്‍ ഉണ്ടാവുന്നത് 20 വര്‍ഷത്തിന് ശേഷമാണ്. കുടിയേറ്റക്കാരായ ഇന്ത്യന്‍ ദമ്പതിമാരുടെ പുത്രനായ ഡാനി അവുല ഉള്‍പ്പെടെ അഞ്ചു സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. തനിക്കു ആരൊക്കെ വോട്ട് ചെയ്തു എന്നത് വിഷയമല്ലെന്നും എല്ലാവരുടെയും മേയറായാണ് ഈ മഹാനഗരത്തില്‍ താന്‍ ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച് ഹില്ലില്‍ താമസിക്കുന്ന ശിശു ചികിസാ വിദഗ്ധനായ ഡാനി അവുല 44,832 വോട്ടുകള്‍ (46%) നേടി. രണ്ടാം സ്ഥാനത്തു എത്തിയ മിഷല്‍ മോസ്ബിക്കു കിട്ടിയത് 24,798 (25%) വോട്ടുകളായിരുന്നു.

നഗരത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ എന്ന ബഹുമതി 2013 മുതല്‍ 2022 വരെ അദ്ദേഹം തുടര്‍ച്ചയായി നേടിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്‍ നയിക്കാന്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താം അവുലയെ നിയമിച്ചിരുന്നു. അഞ്ചു കുട്ടികളും ഭാര്യ മേരി കേയുമൊത്തു ഈസ്റ്റ് എന്‍ഡിലാണ് രണ്ടു പതിറ്റാണ്ടായി അവുല താമസിക്കുന്നത്. റിച്ച്മണ്ട് പബ്ലിക് സ്‌കൂള്‍ ടീച്ചറാണ് കെയ്.

അവുലയുടെ അച്ഛന്‍ രാജ് ഇന്ത്യയിലെ ഗ്രാമപ്രദേശത്തു നിന്നു 19 വയസില്‍ യുഎസില്‍ എത്തിയതാണ്. യുഎസ് നേവിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാര്യ ലളിതയെ യുഎസില്‍ കൊണ്ടുവരുമ്പോള്‍ അവുലയ്ക്കു വെറും ആറു മാസമായിരുന്നു പ്രായം.

More Stories from this section

family-dental
witywide