
റോം: ജി7 ഉച്ചകോടിയിലെ ഫോട്ടോ വിവാദത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള പരസ്യ വാക്പോര് വൻ നയതന്ത്ര പ്രതിസന്ധിയിലേക്ക്. താൻ അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയിട്ടില്ലെന്നും, വാഷിംഗ്ടണുമായുള്ള ബന്ധം തുല്യ പങ്കാളിത്തത്തിലൂന്നിയതാണെന്നും കീഴടങ്ങലല്ലെന്നും മെലോണി വ്യക്തമാക്കി. ഭിന്നത രൂക്ഷമായതിനെത്തുടർന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അൻ്റോണിയോ താജാനി തൻ്റെ മുൻകൂട്ടി നിശ്ചയിച്ച യുഎസ് സന്ദർശനം റദ്ദാക്കിയിരുന്നു.
ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോണി തൻ്റെ ജനപ്രീതി വർദ്ധിപ്പിക്കാനായി ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ ട്രംപിനോട് പലതവണ കെഞ്ചിയെന്ന തരത്തിൽ ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇറ്റലിയിൽ മെലോണിയുടെ ജനപ്രീതി ഇടിഞ്ഞത് യുഎസിനെ തള്ളിയതുകൊണ്ടാണെന്നും ട്രംപ് പരിഹസിച്ചിരുന്നു.
ട്രംപിൻ്റെ ആരോപണങ്ങൾ തികച്ചും അനാവശ്യവും അർത്ഥശൂന്യവുമാണെന്ന് മെലോണി ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. “തൻ്റെ ജനപ്രീതി ട്രംപുമായുള്ള സൗഹൃദത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഇറ്റലിയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കഴിവിനെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്. യുഎസുമായുള്ള സൈനിക താവള കരാറുകൾ ഏകപക്ഷീയമായി മാറ്റാൻ ആർക്കും കഴിയില്ല. ഇറ്റലി ഇപ്പോഴും ഒരു പരമാധികാര രാഷ്ട്രമാണ്. ട്രംപ് സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്,” മെലോണി തിരിച്ചടിച്ചടിച്ചതിങ്ങനെ.
“I am not anti-American, I will not kneel before anyone”: Meloni gives a strong response to Trump















