ട്രംപിന് മുമ്പേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി വീണ്ടും ഇന്ത്യയിലേക്ക്, മാർക്കോ റൂബിയോയുടെ സന്ദർശനം വെളിപ്പെടുത്തി സെർജിയോ ഗോർ; യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ പൂർണ്ണ വിശ്വാസമെന്നും പ്രതികരണം

ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈ വർഷം രണ്ടാം തവണയും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടന്ന ഒമ്പതാമത് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്.ഐ.എസ്.പി.എസ്) ലീഡർഷിപ്പ് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2027ൻ്റെ തുടക്കത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനത്തിനുള്ള മുന്നൊരുക്കമാണ് റൂബിയോയുടെ ഈ സന്ദർശനം. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ട്രംപിൻ്റെ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും അംബാസഡർ സെർജിയോ ഗോറും സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മെയ് 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ കൊൽക്കത്ത, ജയ്പൂർ, ആഗ്ര, ഡൽഹി തുടങ്ങിയ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യത്തിലും ജയ്പൂരിൻ്റെ ഭംഗിയിലും ആകൃഷ്ടനായ റൂബിയോ, ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ അടുത്ത സന്ദർശനത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് അംബാസഡർ പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും റൂബിയോ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.

ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കോർപ്പറേറ്റുകൾക്കുള്ള വിശ്വാസം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് അംബാസഡർ സെർജിയോ ഗോർ ചൂണ്ടിക്കാട്ടി. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, നികുതി വ്യവസ്ഥകൾ, പെട്ടെന്നുള്ള നിയമപരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള യുഎസ് കമ്പനികളുടെ ആശങ്കകൾ പരിഹരിക്കാൻ എംബസി മുൻകൈ എടുക്കുന്നുണ്ട്. ഇന്ത്യ ഒരു വിശ്വസ്ത തന്ത്രപ്രധാന പങ്കാളിയാണെന്നും ഇവിടെയുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും അംബാസഡർ കമ്പനികൾക്ക് ഉറപ്പുനൽകി.

രാഷ്ട്രീയ മാറ്റങ്ങൾ ബാധിക്കാത്ത വിധം ദൃഢമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വരും ദശകങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അത്യാധുനിക സാങ്കേതികവിദ്യ, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

US Secretary of State to visit India again before Trump, Sergio Gore reveals Marco Rubio’s visit

More Stories from this section

family-dental
witywide