
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ വാർത്താ ചിത്രീകരണത്തിനിടെ പ്രമുഖ മാധ്യമമായ സിബിഎസ് ന്യൂസിലെ റിപ്പോർട്ടർക്കും ഫോട്ടോഗ്രാഫർക്കും നേരെ ക്രൂരമായ ആക്രമണം. അഡ്‌ലർ പ്ലാനറ്റേറിയത്തിന് സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4:30 ഓടെയായിരുന്നു സംഭവം. വംശീയ അധിക്ഷേപം നടത്തിക്കൊണ്ടായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈകുന്നേരത്തെ വാർത്താ ബുള്ളറ്റിൻ്റെ ഭാഗമായി തത്സമയം വാർത്ത നൽകാൻ മാധ്യമപ്രവർത്തകർ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഈ സമയം വെള്ള ട്രക്കിലെത്തിയ രണ്ട് പേർ മാധ്യമപ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവരിൽ ഒരു മാധ്യമപ്രവർത്തകനെ ലക്ഷ്യമിട്ട് അക്രമികൾ കടുത്ത വംശീയ അധിക്ഷേപങ്ങൾ വിളിച്ചുപറഞ്ഞു.
തുടർന്ന് അക്രമികളിലൊരാൾ ഫോട്ടോഗ്രാഫറുടെ ക്യാമറയും, മറ്റൊരാൾ മാധ്യമസംഘത്തിൻ്റെ ന്യൂസ് ട്രക്കിൻ്റെ മുൻവശത്തെ ഗ്ലാസും തല്ലിത്തകർത്തു. ഒപ്പമുണ്ടായിരുന്ന വളർത്തുനായയോട് മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും നായ ആക്രമണത്തിന് മുതിർന്നില്ലെന്ന് ഷിക്കാഗോ പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ, മറ്റൊരു തോക്കുചൂണ്ടൽ കേസുമായി ബന്ധപ്പെട്ട് ബ്രൈറ്റൺ പാർക്കിൽ വെച്ച് നടന്ന പൊലീസ് പിന്തുടരലിനൊടുവിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഈ ആക്രമണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിബിഎസ് മാനേജ്‌മെൻ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ ഞെട്ടലും ഭയവുമുണ്ടെന്നും, തങ്ങളുടെ ജീവനക്കാർ സുരക്ഷിതരായിരിക്കുന്നതിൽ ആശ്വാസമുണ്ടെന്നും സിബിഎസ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ ഷിക്കാഗോ പൊലീസ് അന്വേഷണം തുടരുകയാണ്.
Journalists racially abused and attacked in Chicago; Camera and vehicle smashed















