യുഎസ് മുന്‍ ഇന്ത്യന്‍ അംബാസഡർ തരണ്‍ജിത് സിംഗ് സന്ധു ബിജെപിയിൽ; അമൃത്സറിൽ നിന്ന് മൽസരിക്കും

ബിജെപിയിൽ ചേരുന്ന മുൻ ടോപ് ബ്യൂറോക്രാറ്റുകളുടെ പട്ടികയിൽ ഒരാൾ കൂടി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറിൻ്റെ പാത പിന്തുടർന്ന്, അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും നയതന്ത്രജ്ഞനുമായ തരണ്‍ജിത് സിംഗ് സന്ധു ബിജെപിയില്‍  ചേര്‍ന്നു. അദ്ദേഹത്തിൻ്റെ സ്വന്തം സ്ഥലമായ അമൃത്സറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരിക്കും സന്ധുവെന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടുമാസമായി അമൃത്സറിലെ നിരവധി വിശേഷങ്ങൾ സന്ധുവിന്റെ എക്സ് പോസ്റ്റിൽ നിറയുന്നുണ്ടായിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവഡേ, തരുണ്‍ ചുഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡൽഹി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് സന്ധു അംഗത്വം സ്വീകരിച്ചത്.
2020 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയാണ് തരണ്‍ജിത് സിംഗ് ഇന്ത്യന്‍ അംബാസഡറായി യുഎസിൽ ചുമതലയിലുണ്ടായിരുന്നത്. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദ ർശനം മുതൽ സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗിനെതിരായ കൊലപാതക ഗൂഢാലോചന കേസിലെ ഇന്ത്യ- യുഎസ് ചർച്ചകൾ വരെ കൈകാര്യം ചെയ്ത വ്യക്തിയാണ്. ഖലിസ്ഥാൻ തീവ്രവാദം ആഗോളതലത്തിൽ ഇന്ത്യ ഉയർത്തുന്ന പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടെന്ന് മോദി കരുതുന്ന വ്യക്തിയാണ് സന്ധു.

സിഖ് പാരമ്പര്യം

1920 കളിൽ ഗുരുദ്വാര പരിഷ്കരണ പ്രസ്ഥാനത്തിന് (ചബിയാൻ ദാ മോർച്ച) വേണ്ടി പോരാടിയ തേജ സിംഗ് സമുന്ദ്രിയുടെ ചെറുമകനാണ് സന്ധു എന്നത് സിഖുകാർക്കിടയിൽ ഇദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു.

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്‌ജിപിസി) സ്ഥാപക അംഗവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ അതികായനുമായിരുന്നു സാമുന്ദ്രി. ബ്രിട്ടിഷ് തടവിലായിരിക്കെ 1926-ൽ ലാഹോർ ജയിലിൽ വച്ച് അദ്ദേഹം മരിച്ചു. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സന്ധുവിൻ്റെ മുത്തച്ഛൻ്റെ പേരിൽ ഒരു ഹാൾ ഉണ്ട്.

മികച്ച നയതന്ത്രജ്ഞൻ

1988 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സന്ധു . അമേരിക്കയെ കൂടാതെ ശ്രീലങ്ക, ജർമനി , യുഎൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

മുമ്പ് നടന്ന കർഷക സമര പശ്ചാത്തലത്തിൽ പല വിദേശ സിഖുകാർക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. കർഷകരെ സഹായിച്ചു എന്നായിരുന്നു ഇവർക്കതിരായ ആരോപണം . അത്തരം ആളുകളുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ സന്ധു ഇപ്പോൾ തന്നെ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എൻഡിഎ വന്നാൽ കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധ്യതയുള്ള വ്യക്തിയാണ് സന്ധു.

കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വിൽ ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തുന്നതിനിടെ ഖാലിസ്ഥാൻ അനുകൂലികൾ സന്ധുവിനെ തടയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. സിഖ് വിഘടനവാദിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ പരാമർശിച്ച്, ” നിജ്ജാറിൻ്റെ കൊലപാതകത്തിന് നിങ്ങൾ ഉത്തരവാദികളാണ്,” എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് അവർ സന്ധുവിനെ തടഞ്ഞത്.

ജനുവരി 23 ന്, വാഷിംഗ്ടണിലെ ഇന്ത്യാ ഹൗസിൽ നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ നന്നായി പരിപാലിക്കുന്ന പൂന്തോട്ടം എന്നാണ് സന്ധു വിശേഷിപ്പിച്ചത്, ചില വെല്ലുവിളികൾ ഉണ്ടെങ്കിലും പൂക്കൾ വിരിഞ്ഞുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധത്തിലെ മുന്നേറ്റവും, വികസനവും ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ക്ക് സന്ധു നന്ദി പറഞ്ഞു.
               ‘കഴിഞ്ഞ 10 വര്‍ഷക്കാലം ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത് പ്രവര്‍ത്തിച്ചു വരികയാണ്. വികസനം പുതിയ കാലത്ത് അനിവാര്യമാണ്. അമൃത്സറിലും വികസനം വരേണ്ടതുണ്ട്. സേവനത്തിന്റെ പുതിയ മേഖലയില്‍ എനിക്ക് വഴികാണിച്ച നേതാക്കള്‍ക്ക് നന്ദി.’ സന്ധു പാര്‍ട്ടി പ്രവേശനത്തിന് ശേഷം ഇന്നലെ പറഞ്ഞു.
 Former US envoy Taranjit Sandhu joined BJP to contest from Amritsar

More Stories from this section

family-dental
witywide